നടൻ ദിലീപ് ഉൾപ്പെടെ 9 പേരാണ് നടിയെ ആക്രമിച്ച കേസിലെ പ്രതി പട്ടികയിൽ അവശേഷിക്കുന്നത്. പൾസർ സുനി ഒന്നാം പ്രതിയും ദിലീപ് എട്ടാം പ്രതിയുമാണ്. പത്താം പ്രതിയായിരുന്ന വിഷ്ണു മാപ്പുസാക്ഷിയായി. പൾസർ സുനിയുടെ രണ്ട് അഭിഭാഷകരെ 11, 12 പ്രതികളാക്കിയിരുന്നു എങ്കിലും കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നു.
ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് കുറ്റപത്രത്തിലുള്ളത്. ആക്രമണത്തിനിരയായ നടിയോടുള്ള വിരോധ നിമിത്തം പ്രതികാരം ചെയ്യുന്നതിനായി ഒന്നാംപ്രതി പൾസർ സുനി എന്ന സുനിൽകുമാറിന് ദിലീപ് ക്വട്ടേഷൻ നൽകി എന്നതാണ് പോലീസ് കണ്ടെത്തൽ. ഇതിനായി പൾസർ സുനിക്ക് ഒന്നരക്കോടി രൂപ ദിലീപ് നൽകിയെന്നും 2015 ഡിസംബറിൽ അഡ്വാൻസായി പതിനായിരം രൂപ പൾസർ കൈപ്പറ്റി എന്നും പോലീസ് കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി പൾസർ സുനി ദിലീപിന് കൈമാറി എന്നതാണ് പോലീസ് വ്യക്തമാക്കുന്നത്. ദിലീപ് ഉൾപ്പെടെ പന്ത്രണ്ട് പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാപ്പ് സാക്ഷിയാവുകയും രണ്ട് പേരെ പ്രതിപട്ടികയിൽ നിന്ന് കോടതി ഒഴിവാക്കുകയും ചെയ്തിരുന്നു.
പൾസർ സുനി ഒന്നാംപ്രതിയും ദിലീപ് എട്ടാം പ്രതിയുമാണ്. മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സലീം, പ്രദീപ്, ചാർലി തോമസ് എന്നിവരാണ് രണ്ടു മുതൽ ഏഴ് വരെയുള്ള പ്രതികൾ. സനിൽ ആണ് ഒമ്പതാം പ്രതി. പത്താം പ്രതിയായിരുന്ന വിഷ്ണുവാണ് മാപ്പ് സക്ഷിയായത്. 11, 12 പ്രതികൾ ആയിരുന്നു. രണ്ട് അഭിഭാഷകരെ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.
കുറ്റകരമായ ഗൂഢാലോചന, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ട് തുടങ്ങിയ ഗുരുതര വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിരിക്കുന്നത്. അഞ്ച് ഇടങ്ങളിൽ വച്ച് നടൻ ദിലീപ് ഒന്നാം പ്രതിയെ കാണുകയും ഗൂഢാലോചന നടത്തുകയും ചെയ്തതായി പോലീസ് കണ്ടെത്തി. ഇതിൻ്റെ ഹോട്ടൽ രേഖകളും സിസിടിവി ദൃശ്യങ്ങളും തെളിവായി ഹാജരാക്കി. പ്രതിഫലം ഈടാക്കാൻ ലക്ഷ്യമിട്ട് ഒന്നാംപ്രതി ദിലീപിന് എഴുതിയ കത്തും തെളിവായി. ഗൂഢാലോചനയും അഡ്വാൻസ് തുക കൈമാറ്റവും നടക്കുമ്പോൾ എട്ടാം പ്രതി ദിലീപും ഒന്നാം പ്രതി പൾസർ സുനിയും ഒരേ ടവർ ലൊക്കേഷനിൽ ആണെന്ന് പോലീസ് കണ്ടെത്തി.
ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്ജുവാര്യർ ഉൾപ്പെടെ 355 പേരുടെ മൊഴി രേഖപ്പെടുത്തി. ഇതിൽ 33 പേർ രഹസ്യമൊഴി നൽകി. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ഉൾപ്പെടെ 400 ഓളം രേഖകളും കുറ്റപത്രത്തിൽ ഉണ്ട്. ഗൂഢാലോചനയാണ് ദിലീപിനെതിരെ ആരോപിക്കുന്നതെങ്കിലും ഒന്നാം പ്രതിക്ക് എതിരെ ചുമത്തിരിക്കുന്ന ബലാത്സംഗം ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും എട്ടാം പ്രതിയായ ദിലീപിനും ബാധകമാണ്.
