തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ 17 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ആൺകുഞ്ഞ് കൂടി സംരക്ഷണം തേടിയെത്തി. ഭരണഘടനാ ശില്പി ഡോ. ഭീംറാവു അംബേദ്കറുടെ സ്മരണാർത്ഥം കുഞ്ഞിന് “ഭീം” എന്ന് പേര് നൽകി.
വെള്ളിയാഴ്ച രാത്രി 10.50-നാണ് 10 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയത്. 2.13 കിലോഗ്രാമാണ് ഭാരം. ഡോ. അംബേദ്കറുടെ സമാധി ദിനത്തോടനുബന്ധിച്ച് കുഞ്ഞിന് അദ്ദേഹത്തിന്റെ പേര് നൽകാൻ ശിശു ക്ഷേമ സമിതി തീരുമാനിക്കുകയായിരുന്നു
കഴിഞ്ഞ മൂന്ന് മാസത്തിനിടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പരിചരണത്തിനായി എത്തുന്ന എട്ടാമത്തെ കുട്ടിയാണിത്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി 5 പെൺകുട്ടികളെയും 3 ആൺകുട്ടികളെയും ഇവിടെ ലഭിച്ചു. ഇതിന് പുറമെ സെപ്റ്റംബർ മാസത്തിൽ 4 കുട്ടികളെയും ലഭിച്ചിരുന്നു.
നിയമപരമായ ദത്തെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കേണ്ടതിനാൽ കുഞ്ഞിന്റെ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
