തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിൽ വിധിയെഴുതാൻ തയ്യാറായി ഏഴ് ജില്ലകളിലെ ജനങ്ങൾ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. പലയിടത്തും മോക് പോളിംഗ് ആരംഭിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ഏഴു മണിയോടെ ആരംഭിക്കും. വൈകിട്ട് 6 വരെയാണ് പോളിംഗ് സമയം. 6 മണിക്ക് ശേഷം ബൂത്തിൽ എത്തുന്നവർക്ക് മുൻപ് ടോക്കൺ എടുത്തിട്ടുണ്ടെങ്കിൽ വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകും.
മൂന്ന് കോര്പ്പറേഷന്, 39 മുനിസിപ്പാലിറ്റി, 7 ജില്ലാ പഞ്ചായത്ത്, 75 ബ്ലോക്ക് പഞ്ചായത്ത്, 471 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് ജനങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുക. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പൊലീസ് സുരക്ഷയും പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
36,630 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 1.32 കോടിയിലധികം വോട്ടർമാരും 15,432 പോളിംഗ് സ്റ്റേഷനുകളുമാണ് ഉള്ളത്. ഇതിൽ 480 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. 15432 കൺട്രോൾ യൂണിറ്റും 40261 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2516 കൺട്രോൾ യൂണിറ്റും 6501 ബാലറ്റ് യൂണിറ്റും റിസർവ്വായി കരുതിയിട്ടുണ്ട്
