നോട്ടയും വിവിപാറ്റും ഇല്ല , വോട്ട് ചെയ്യാൻ പോകുമ്പോൾ അറിഞ്ഞിരിക്കാം, ഇക്കാര്യങ്ങൾ…

news image
Dec 10, 2025, 10:29 am GMT+0000 payyolionline.in

വോട്ടര്‍മാര്‍ നടപടിക്രമങ്ങള്‍ പാലിക്കണം

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം വോട്ടര്‍മാര്‍ വോട്ടിങ് നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ച് വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അഭ്യര്‍ത്ഥിച്ചു.

വോട്ടര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവരുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍പട്ടികയിലെ പേരും വിവരങ്ങളും പോളിംഗ് ഉദ്യോഗസ്ഥന്‍ പരിശോധിക്കും. തുടര്‍ന്ന് രണ്ടാമത്തെ പോളിംഗ് ഓഫീസറുടെ അടുത്ത് ചെല്ലുമ്പോള്‍ വോട്ടറുടെ കൈവിരലില്‍ മഷി പുരട്ടി, വോട്ട് രജിസ്റ്ററില്‍ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിങ് സ്ലിപ്പ് നല്‍കും.

സ്ലിപ്പുമായി വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുന്‍പിലെത്തി സ്ലിപ്പ് ഏല്‍പ്പിക്കണം. ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റുകള്‍ വോട്ടിംഗിന് സജ്ജമാക്കും. തുടര്‍ന്ന് സമ്മതിദായകന്‍ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റിലേക്ക് നീങ്ങണം. ബാലറ്റ് യൂണിറ്റില്‍ ഏറ്റവും മുകളില്‍ ഇടതുഭാഗത്തായി പച്ചനിറത്തിലുള്ള ഓരോ ചെറിയ ലൈറ്റ് തെളിഞ്ഞു നില്‍ക്കുന്നതു കാണാനാകും. ഇത് ബാലറ്റ് യൂണിറ്റുകള്‍ വോട്ടു രേഖപ്പെടുത്താന്‍ തയാറാണെന്ന് സൂചിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തിയാല്‍ ദീര്‍ഘമായ ബീപ് ശബ്ദം കേള്‍ക്കുകയും വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണ്ണമാവുകയും ചെയ്യും. ശേഷം വോട്ടര്‍ക്ക് മടങ്ങാവുന്നതാണ്.

കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ വോട്ടര്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ മതി. ത്രിതല പഞ്ചായത്തില്‍ ഒരു വോട്ടര്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളിലേയ്ക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകള്‍ രേഖപ്പെടുത്തണം. വോട്ടിംഗ് കംപാര്‍ട്ട്‌മെന്റിലെ മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ളനിറത്തിലുള്ള ലേബലും, രണ്ടാമത്തെ ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ ഇളംനീല നിറത്തിലുള്ള ലേബലുമാണ് പതിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകളിലും ക്രമമായി വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോള്‍ ഒരു നീണ്ട ബീപ് ശബ്ദം കേട്ട് വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണമാകും.

ഏതെങ്കിലും ഒന്നോ അതിലധികമോ തലത്തിലെ ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ താത്പര്യമില്ലാത്തപക്ഷം താത്പര്യമുള്ള തലത്തിലെ വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂണിറ്റിലെ അവസാന ബട്ടണ്‍ (എന്‍ഡ് ബട്ടണ്‍, ഇത് ചുവപ്പ് നിറത്തിലുള്ളതാണ്) അമര്‍ത്തി വോട്ടിംഗ് പൂര്‍ത്തിയാക്കാം. വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണമാകുമ്പോള്‍ നീണ്ട ഒരു ബീപ് ശബ്ദം കേള്‍ക്കാനാകും. മൂന്ന് തലത്തിലേയും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യമില്ല. എന്‍ഡ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ആ വോട്ടര്‍ക്ക് പിന്നീട് വോട്ട് ചെയ്യുവാനാകില്ല.

ഒരേ സമയം ഒന്നില്‍ കൂടുതല്‍ ബട്ടണ്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. അത് പോലെ ഒന്നില്‍ കൂടുതല്‍ തവണ ഒരേ ബട്ടണില്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമാണ് രേഖപ്പെടുത്തുക.

വോട്ട് ചെയ്യുന്നതിനുള്ള രഹസ്യസ്വഭാവം കാത്ത് സൂക്ഷിക്കാന്‍ ഓരോ വോട്ടറും ബാധ്യസ്ഥരാണ്. വോട്ടര്‍മാര്‍ക്ക് എന്തെങ്കിലും സംശയമോ പ്രയാസമോ അനുഭവപ്പെടുന്നുവെങ്കില്‍ പ്രിസൈഡിംഗ് ഓഫീസറുടെ സഹായം തേടാവുന്നതാണ്. വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ അടുത്ത ആളിന് വോട്ട് ചെയ്യാനായി എത്രയും വേഗം വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും വോട്ടര്‍ പുറത്തു കടക്കണം.

ഒന്നിലധികം വോട്ട് ചെയ്യുന്നതും ആള്‍മാറാട്ടവും ശിക്ഷാര്‍ഹം- തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഏതെങ്കിലും കാരണവശാല്‍ ഒരാളുടെ പേര് ഒന്നിലധികം വോട്ടര്‍പട്ടികകളിലോ, ഒരു വോട്ടര്‍പട്ടികയില്‍ തന്നെ ഒന്നിലധികം പ്രാവശ്യമോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാന്‍ പാടുള്ളൂ. ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും അയാള്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരമാണ്. അവര്‍ക്കെതിരെ കര്‍ശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. അതുപോലെ വോട്ടു ചെയ്യാന്‍ ഹാജരാകാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആള്‍മാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവര്‍ക്കെതിരെയും കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണ്. അത്തരം കുറ്റക്കാരെ പോലീസിന് കൈമാറുന്നതാണ്. കുറ്റക്കാരന്‍ ഭാരതീയ ന്യായസംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വര്‍ഷം വരെ തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും അര്‍ഹനാണ്.

വോട്ടിങ് സമയം ശ്രദ്ധിക്കണം

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയക്രമം സമ്മതിദായകര്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാനെത്തിയ മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കും.

വോട്ടെടുപ്പ് അവസാനിപ്പിക്കാന്‍ നിശ്ചയിച്ച സമയത്തിന് പോളിങ് സ്റ്റേഷനില്‍ ക്യൂവില്‍ നില്‍ക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. ഇവര്‍ക്ക് പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട സ്ലിപ്പ് നല്‍കും. ഏറ്റവും അവസാനത്തെ ആള്‍ക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ് നല്‍കുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ക്യൂവിലുള്ള സമ്മതിദായകര്‍ എല്ലാവരും വോട്ട് ചെയ്തു കഴിയുന്നതു വരെ വോട്ടെടുപ്പ് തുടരും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ നോട്ടയും വിവിപാറ്റും ഇല്ല

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനില്‍ നോട്ട (NOTA) രേഖപ്പെടുത്താന്‍ കഴിയില്ല. അതുപോലെ വിവിപാറ്റ് മെഷീനുമുണ്ടാകില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe