ഗോവ നിശാക്ലബ്ബ് തീപിടിത്തം; സ്ഥാപനത്തിന്‍റെ സഹ ഉടമ അറസ്റ്റിൽ

news image
Dec 10, 2025, 11:07 am GMT+0000 payyolionline.in

പനാജി: ഗോവയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്‍റെ സഹ ഉടമയായ അജയ് ഗുപ്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ക്ലബ്ബിന്‍റെ ഉടമകൾക്കെതിരെ സർക്കാർ ബ്ളൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹിയിൽ നിന്ന് ഗുപ്തയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നട്ടെല്ല് സംബന്ധമായ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം ഗുപ്തയെ ലജ്പത് നഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

താൻ വെറുമൊരു പങ്കാളി മാത്രമാണെന്നും ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവർക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ ഇവർ തായ്‌ലൻഡിൽ ഉണ്ടെന്നാണ് സർക്കാറിന് ലഭിച്ചിരിക്കുന്ന വിവരം. തീപിടിത്തം ഉണ്ടായതിന് പിന്നാലെ രാജ്യം വിട്ട ഇവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇവരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ക്ലബ് കൂടി പൊളിച്ചുകളയാനും ഉത്തരവിട്ടിട്ടുണ്ട്.

ഉത്തര ഗോവയിലെ റോമിയോ നിശാക്ലബിലാണ് ശനിയാഴ്ച അർധരാത്രിയോടെ അഗ്നിബാധയുണ്ടായത്. അനധികൃത നിർമാണത്തിന്റെ പേരിൽ ​പഞ്ചായത്ത് പൊളിക്കാൻ ഉത്തരവിട്ട കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പിന്നാലെ, തിങ്കളാഴ്ച സമാന രീതിയിൽ പ്രവർത്തിക്കുന്ന റോമിയോ ക്ലബിന്റെ തന്നെ ഉടമസ്ഥതയിലുള്ള രണ്ട് നിശാ ക്ലബുകൾ അധികൃതർ പൂട്ടിച്ചിരുന്നു. സംഭവത്തിൽ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്.

തീരദേശ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ഓഫിസ് എന്നീ വകുപ്പുകൾ നൽകിയ അന്ത്യശാസനങ്ങളെയെല്ലാം വകവെക്കാ​തെയാണ് ക്ലബ് നടത്തിയിരുന്നതെന്നാണ് വിവരം. റിസോർട്ടിൽ അപകടമുന്നറിയിപ്പ് നൽകിയ ചില സാമൂഹ്യപ്രവർത്തകരെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രവി ഹർമൽക്കർ എന്ന സാമൂഹ്യപ്രവർത്തകൻ പരാതി നൽകിയതോടെ പൊളിച്ചുനീക്കാൻ ഉത്തരവായെങ്കിലും പ്രവർത്തനം തുടരുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe