ഇനി ബാങ്കുകൾ അന്യായ ചാർജ് ഈടാക്കില്ല; ആർ.ബി.ഐ നീക്കം തുടങ്ങി

news image
Dec 11, 2025, 6:18 am GMT+0000 payyolionline.in

മുംബൈ: സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ അടക്കം ഉപഭോക്താവിനെ അറിയിക്കാതെ വൻ തുക ചാർജ് ഈടാക്കുന്ന ബാങ്കുകളുടെ കൊള്ള ഉടൻ അവസാനിക്കും. സേവനങ്ങൾക്ക് ഈടാക്കുന്ന ചാർജുകൾ ഉപഭോക്താക്കളെ അറിയിക്കാൻ ബാങ്കുകൾക്ക് പുതിയ ഏകീകൃത സംവിധാനം നടപ്പാക്കും. ഈടാക്കുന്ന ചാർജുകൾ വ്യക്തമായും കൃത്യമായും ബോധ്യപ്പെടുത്താനും ഉപഭോക്തക്കൾക്ക് ആശയക്കുഴപ്പമുണ്ടാകാതിരിക്കാനും ഒരേ സേവനത്തിന് വ്യത്യസ്ത ഫീസ് ഈടാക്കുന്നത് ഒ​ഴിവാക്കാനുമാണ് ഏകീകൃത സംവിധാനം വരുന്നത്. നിലവിൽ പല സേവനങ്ങൾക്കും ബാങ്കുകൾ വ്യത്യസ്ത ഫീസാണ് ഈടാക്കുന്നത്. ചില ബാങ്കുകൾ ചാർജ് മറച്ചുവെക്കുകയും സങ്കീർണമായ പദങ്ങൾ ഉപയോഗിച്ച് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. സർക്കാർ സമ്മർദത്തെ തുടർന്ന് സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് വേണമെന്ന നിബന്ധന മിക്ക പൊതുമേഖല ബാങ്കുകളും ഈയിടെ പിൻവലിച്ചിരുന്നു.

ഏകീകൃത സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് രാജ്യത്തെ ബാങ്കുകളുമായി ആർ.ബി.ഐ ചർച്ച നടത്തുന്നുണ്ടെന്ന് ഉന്നത ബാങ്ക് ഉദ്യോഗസ്ഥൻ അറിയിച്ചു. എല്ലാ ബാങ്കുകളും അവരുടെ സേവന നിരക്കുകൾ കാണിക്കുന്നതിന് ഏകീകൃത സംവിധാനം ഉപയോഗിക്കണമെന്ന കാര്യത്തിലാണ് ചർച്ച. വായ്പ അപേക്ഷ നൽകുന്നത് മുതൽ അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നത് വരെയുള്ള ലോൺ പ്രോസസിങ്ങിന് ഈടാക്കുന്ന ചാർജുകൾ അടക്കം ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കഴിഞ്ഞ മാസം ആർ.‌ബി.‌ഐ നൽകിയ നിർദേശങ്ങൾ ബാങ്കുകൾ പരിശോധിച്ചുവരികയാണെന്നും സ്വകാര്യ, പൊതുമേഖല ബാങ്കുകൾ തമ്മിലുള്ള കൂടിയാലോചനകൾക്ക് ശേഷം അവരുടെ അഭിപ്രായ​ങ്ങൾ പങ്കുവെക്കുമെന്നും മറ്റൊരു ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞു. എല്ലാത്തിനും ഒരേ നിരക്കുകൾ ഏർപ്പെടുത്തുന്നതിനുപകരം, വ്യത്യസ്ത തരം അക്കൗണ്ടുകൾക്ക് വ്യത്യസ്ത സേവന നിരക്കുകൾ നിശ്ചയിക്കാൻ അനുവദിക്കണമെന്ന് ബാങ്കുകൾക്ക് അഭിപ്രായമുണ്ട്. എന്നാൽ, എല്ലാ ശാഖകളിലും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെയും സൗകര്യങ്ങളുടെയും പട്ടിക തയാറാക്കാനും വ്യക്തിഗത വായ്പകൾക്ക് ഈടാക്കാവുന്ന വ്യത്യസ്ത ചാർജുകളുടെ എണ്ണം കുറക്കാനും ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ആർ.‌ബി.‌ഐ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഈ മാസം ആദ്യം നടന്ന പണനയ അവലോകനത്തിന് ശേഷം ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe