തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷൻ ഇനി ബിജെപി ഭരിക്കും. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അമ്പത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. അതേസമയം, സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മുൻ ഡിജിപി ആർ ശ്രീലേഖയും കെ എസ് ശബരീനാഥനും വി വി രാജേഷുമുൾപ്പെടെ പ്രമുഖർ ജയിച്ചുകയറി.
ചുവപ്പിന്റെ തലസ്ഥാനം കാവിയണിഞ്ഞു. ത്രികോണപ്പോരിൽ തിരുവനന്തപുരം ബിജെപിക്കൊപ്പം പോന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി ബിജെപി ഒരു കോർപ്പറേഷൻ ഭരിക്കാൻ പോവുകയാണ്. നൂറ് സീറ്റില് അമ്പതും ബിജെപി പിടിച്ചു. കേവല ഭൂരിപക്ഷത്തിന് ഒരൊയൊരു സീറ്റിന്റെ കുറവേ ബിജെപിക്കൊള്ളൂ. നേമത്തും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും സിറ്റിങ് വാർഡുകൾ നിലനിർത്തിയതിനൊപ്പം ഇടതുകേന്ദ്രങ്ങളെ ഉലച്ചിരിക്കുകയാണ് ബിജെപി. നിയമസഭയിലേക്കുള്ള വോട്ടൊളിമ്പിക്സിൽ ബിജെപിയുടെ പ്രധാനവേദി ഇനി തിരുവനന്തപുരമാവും. വി വി രാജേഷ്, മുൻ ഡിജിപി ആർ ശ്രീലേഖ എന്നിവരാണ് മേയർ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഞെട്ടിക്കൽ പരീക്ഷണത്തിനും സാധ്യതയുണ്ട്.
എൽഡിഎഫിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി
വലിയ കക്ഷിയായെങ്കിലും ഭരണം നിലനിർത്താമെന്ന് കരുതിയ എൽഡിഎഫിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടിയാണ് തിരുവനന്തപുരത്ത് ഉണ്ടായത്. സിറ്റിങ് വാർഡുകൾ പലതും നഷ്ടമായി. കഴക്കൂട്ടം മണ്ഡലത്തിലെ വാർഡുകളിൽ തകർന്നടിഞ്ഞു. കഴിഞ്ഞ ഭരണസമിതിക്കെതിരായെ വികാരം മറികടക്കാൻ ഇറക്കിയ പുതിയ സ്ഥാനാർത്ഥികളും വാർഡ് വിഭജനവും തുണച്ചില്ല. പത്ത് സീറ്റിലേക്ക് 2020ൽ ഒതുങ്ങിയ യുഡിഎഫിന്റേത് വമ്പൻ തിരിച്ചുവരവാണ്. തീരദേശ വാർഡുകൾ യുഡിഎഫിനൊപ്പം നിന്നു. കെ എസ് ശബരീനാഥനും വോട്ട് വിവാദമുണ്ടായ മുട്ടടയിലെ വൈഷ്ണ സുരേഷുമുൾപ്പെടെ ജയിച്ചു. രണ്ട് വാർഡുകളിൽ സ്വതന്ത്രരാണ് വിജയികൾ. അവരിൽ ഒരാൾ പിന്തുണച്ചാൽ ബിജെപിക്ക് ഭരിക്കാൻ തലവേദനയില്ല.
