ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലേ? കർശന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ

news image
Dec 18, 2025, 7:45 am GMT+0000 payyolionline.in

ഡോക്ടർമാരുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലെന്ന പരാതി പലപ്പോഴും ഉയരാറുണ്ട്. അതുകൊണ്ടു തന്നെ ഫാർമസിയിൽ നിന്ന് ലഭിക്കുന്ന മരുന്നും ഡോക്ടർ എഴുതിയതും ഒന്നാണോയെന്ന് പലപ്പോഴും ഒത്തു നോക്കാൻ കഴിയാറില്ല.

ചിലപ്പോൾ ഫാർമസിസ്റ്റുകൾക്ക് പോലും ഡോക്ടറുടെ കയ്യക്ഷരം മനസ്സിലാവാറില്ല. മരുന്ന് മാറിയാൽ അത് രോഗിയുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യവും വന്നേക്കാം.

ഈ സാഹചര്യത്തിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ഡോക്ടർമാർക്ക് രാജ്യ വ്യാപകമായി ഒരു സുപ്രധാന ഉത്തരവ് നൽകിയിരിക്കുകയാണ്. കുറിപ്പടികൾ വ്യക്തമായിരിക്കണമെന്നും വ്യക്തമായ കൈയക്ഷരത്തിൽ എഴുതണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അവ്യക്തമായ കുറിപ്പടികൾ മൂലമുണ്ടാകുന്ന ഗുരുതര സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. പഞ്ചാബ് – ഹരിയാന ഹൈക്കോടതി ഈ വിഷയത്തിൽ സുപ്രധാന നിരീക്ഷണം പങ്കുവച്ചിരുന്നു.

വായിക്കാൻ കഴിയാത്ത കുറിപ്പടികൾ രോഗിക്ക് തെറ്റായ മരുന്ന് തെറ്റായ അളവിൽ കിട്ടാൻ ഇടയാക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഈ ആശങ്കകൾ കണക്കിലെടുത്താണ് രാജ്യത്തുടനീളമുള്ള ഡോക്ടർമാർക്ക് കുറിപ്പടി സംബന്ധിച്ച് എൻഎംസി നിർദേശം നൽകിയത്.

മരുന്നുകൾ മാറുന്നത് രോഗികളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന വെല്ലുവിളിയാണെന്ന് ലോകാരോഗ്യ സംഘടന അടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മരുന്നിന്‍റെ അളവിലെ ചെറിയ പിഴവ് പോലും വലിയ പ്രത്യാഘാതത്തിന് കാരണമാകും. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, ഒന്നിലധികം മരുന്നുകൾ കഴിക്കുന്നവർ എന്നിവർക്ക് ചെറിയ പിഴവ് പോലും അലർജിയുണ്ടാവാൻ മുതൽ ജീവന് ഭീഷണിയാകുന്ന സങ്കീർണ അവസ്ഥയ്ക്ക് വരെ കാരണമായേക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe