പാലക്കാട്: പാലക്കാട് തൃത്താല തിരുമിറ്റക്കോട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. വണ്ടൂർ സ്വദേശി മുഹമ്മദാലിയെ കണ്ണും കൈയും കെട്ടിയിട്ട് വീടിനകത്ത് പൂട്ടിയിട്ട് 70 കോടി ചോദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ ഒൻപതു പേർ കൂടി പിടിയിലാകാനുണ്ടെന്നും പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു.
സംഭവത്തിൽ പിടിയിലായ പ്രതി ഫൈസലിൻ്റെ കോതക്കുറിശിയിലെ വീട്ടുതടങ്കലിലെ ഞെട്ടിക്കുന്ന കാഴ്ചയാണിത്. മുഹമ്മദാലിയുടെ കൈകൾ രണ്ടും കെട്ടിയിട്ടു. കണ്ണുകൾ മൂടി, മുഖത്തും ശരീരത്തിലും മുറിവുകൾ… മർദിച്ച് അവശനാക്കി, രക്തത്തിൽ കുളിച്ച മുഹമ്മദാലിയോട് മൊബൈൽ ഫോണിൽ ബന്ധുക്കളോട് 70 കോടി രൂപ ആവശ്യപ്പെടുന്നതാണ് ദൃശ്യത്തിൽ.
സംഭവത്തിന് പിന്നാലെ അക്രമി സംഘത്തെ സഹായിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ മറ്റു ഏഴു പേരെയും പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം വരോട് സ്വദേശികളായ അഭിജിത്ത്, സുധീഷ്, നജീബുദ്ദീൻ, ഷിഫാസ്, ഫൈസൽ, മുസ്തഫ, ഷമീർ, ഷാനു എന്നിവരാണ് അറസ്റ്റിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇന്നോവ കാറിലെത്തിയെ ആറംഗ സംഘം ഉൾപ്പെടെ 9 പേർക്കായുള്ള അന്വേഷണം തുടരുകയാണ്. കേസിൽ ഉന്നതർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയം. ആറംഗ സംഘത്തെ പിടികൂടിയാൽ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് എത്തുമെന്നാണ് അനുമാനം. അതേസമയം, റിമാൻഡിലുള്ള 8 പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കി. പ്രധാന പ്രതികളിലേക്ക് എത്തണമെങ്കിൽ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചെങ്കിലും അനുവദിച്ചില്ല.
