വടകര: അശ്രദ്ധമായ ബസ് ഡ്രൈവിങിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. ബസിനും നടപ്പാതയുടെ കൈവരിക്കും ഇടയില്‍ കുടുങ്ങിയാണ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റത്. നാദാപുരം സ്വദേശിനി ദേവാഗനക്കാണ് (18) ഗുരുതരമായി പരിക്കേറ്റത്
വടകര അഞ്ചുവിളക്ക് ബസ് സ്റ്റോപ്പില്‍ ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. വടകര എസ്.എൻ കോളേജ് വിദ്യാര്‍ത്ഥിനിയായ ദേവാഗന കോളേജിലേക്ക് പോകാനായാണ് ബസില്‍ കയറിയത്. ബസില്‍ നിന്നിറങ്ങിയശേഷം ബസ് മുന്നോട്ട് എടുത്തപ്പോള്‍ ബസിനും നടപ്പാതയിലെ കൈവരിക്കും ഇടയില്‍ വിദ്യാര്‍ത്ഥിനി കുടുങ്ങി പോവുകയായിരുന്നു.
നടപ്പാതയോട് ചേര്‍ന്ന് അലക്ഷ്യമായി ബസ് മുന്നോട്ട് എടുത്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം-വടകര റൂട്ടിലെ അഷ്മിക ബസാണ് അപകടമുണ്ടാക്കിയത്.
