തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍

news image
Dec 19, 2025, 4:40 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ സ്വകാര്യ ബസുകളുടെ അഭ്യാസ പ്രകടനത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഗ്രീന്‍സ് ബസ് ഡ്രൈവറായ പെരുമണ്ണ സ്വദേശി മജ്റൂഫാണ് അറസ്റ്റിലായത്. സമയക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കോഴിക്കോട് മാനാഞ്ചിറയില്‍ ഇന്നലെ രാവിലെ നടന്ന അഭ്യാസ പ്രകടനത്തിന്‍റേതാണ് ദൃശ്യങ്ങള്‍. തിരക്കേറിയ റോഡിലാണ് പട്ടാപകല്‍ ഈ അഭ്യാസം. നഗരത്തിലോടുന്ന ഗ്രീന്‍സ് ബസാണ് ഫറോക്ക് മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കീര്‍ത്തനം എന്ന സ്വകാര്യ ബസിലും മറ്റൊരു ബസിലും ഇടിച്ചത്. മനപൂര്‍വ്വമുണ്ടാക്കിയ ഈ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് ഇടപെട്ടു. ഗ്രീന്‍സ് ബസ് ഡ്രൈവര്‍ മജ്റൂഫിനെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു

ബസ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഇതിനു പിന്നിലുണ്ടെന്ന ആരോപണവുമുണ്ട്. ഒരു മാസം മുമ്പ് രണ്ടാം ഗേറ്റിന് സമീപം സമയക്രമത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബസ് ജീവനക്കാരന്‍ മറ്റൊരു സ്വകാര്യ ബസിന്‍റെ ചില്ലെറിഞ്ഞു തകര്‍ത്തിരുന്നു. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ആവര്‍ത്തിക്കുമ്പോഴും അഭ്യാസ പ്രകടനങ്ങള്‍ കോഴിക്കോട് തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe