കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതി; ബിഎൽഒയ്ക്ക് നോട്ടീസ് അയച്ച് കോടതി, ജനുവരി 20ന് ഹാജരാകണം

news image
Dec 22, 2025, 11:45 am GMT+0000 payyolionline.in

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതിയിൽ ബിഎൽഒയ്ക്ക് നോട്ടീസ് അയച്ച് കോടതി. കോൺ​ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ ഹർജിയിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സുരേഷ് ഗോപിയും സഹോദരനും ബിഎൽഒയുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം. ബിഎൽഒ ജനുവരി 20ന് നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും സഹോദരൻ സുഭാഷ് ഗോപിയും കുടുംബാംഗങ്ങളും തൃശൂർ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തിൽ വോട്ട് ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപൻ പരാതി നൽകിയത്. ഗൂഢാലോചന നടത്തി വ്യാജമായി ചമച്ച രേഖകളുടെ അടിസ്ഥാനത്തിൽ വോട്ടുകൾ ചേർത്തതെന്നാണ് പരാതി. ഇപ്പോൾ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ പൊതുസേവകനല്ലാത്തതിനാൽ നിയമപ്രകാരമുള്ള നോട്ടീസിന് അർഹനല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തുടർന്ന് കോടതി അന്നത്തെ ബൂത്ത് ലെവൽ ഓഫീസർക്കു നോട്ടീസ് അയക്കാൻ ഉത്തരവിടുകയായിരുന്നു. ബിഎൽഒ ജനുവരി 20ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe