യുഎസിൽ വീണ്ടും വിമാനാപകടം, മെക്സിക്കൻ വിമാനം തകർന്നു വീണു, 2 വയസ്സുള്ള കുട്ടിയടക്കം അഞ്ച് പേർ മരിച്ചു

news image
Dec 23, 2025, 5:52 am GMT+0000 payyolionline.in

ടെക്‌സസ്: അമേരിക്കയിൽ വീണ്ടും വിമാനാപകടം. പൊള്ളലേറ്റ രോഗിയുമായി ടെക്‌സസിലേക്ക് വരികയായിരുന്ന മെക്‌സിക്കന്‍ നാവിക സേനയുടെ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തിൽ രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ടെക്‌സസിലെ ഗാല്‍വെസ്റ്റണ്‍ ബേയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തില്‍ എട്ടു പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ 2 പേരെ ജീവനോടെ കണ്ടെടുത്തു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. നാല് നാവികസേന ജീവനക്കാരും മറ്റു നാലു പൗരന്‍മാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മെക്‌സിക്കന്‍ നാവികസേന സ്ഥിരീകരിച്ചു. പൊള്ളലേറ്റ രോഗികളെ കൊണ്ടുവന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:17 ഓടെയാണ് അപകടമുണ്ടായത്.ഫ്‌ലൈറ്റ് റാഡാര്‍ 24 ല്‍ നിന്നുള്ള ഡാറ്റ പ്രകാരം, മെക്‌സിക്കന്‍ സംസ്ഥാനമായ യുകാറ്റന്റെ തലസ്ഥാനമായ മെറിഡയില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട ടര്‍ബോ വിമാനമായ വിമാനംഗാല്‍വെസ്റ്റണ്‍ സ്‌കോള്‍സ് അന്താരാഷ്ട്ര വിമാന ത്താവളത്തിലേക്ക് പോകുകയായിരുന്നു. പൊള്ളലേറ്റവരെ ചികിത്സയ്ക്കായി കൊണ്ടുപോകുന്ന മെക്സിക്കൻ സന്നദ്ധ സംഘടനയായ ‘മിച്ചൗ ആൻഡ് മൗ ഫൗണ്ടേഷന്റെ മെഡിക്കൽ മിഷന്റെ ഭാഗമായിരുന്നു ഈ വിമാനം.

മെക്സിക്കോയിൽ നിന്ന് ഗാൽവെസ്റ്റണിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ലാൻഡിംഗിന് തൊട്ടുമുമ്പാണ് വിമാനം കടലിൽ പതിച്ചത്. വിമാനം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. സമീപവാസികളും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ട് പേരെ ജീവനോടെ പുറത്തെടുത്തത്. അപകടസമയത്ത് പ്രദേശത്ത് കടുത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe