ഇന്ന് ഓൺലൈൻ തട്ടിപ്പുകളുടെ കാലമാണ്, അതിനാൽ തന്നെ സൈബർ സുരക്ഷ എല്ലാ പൗരൻമാരെ സംബന്ധിച്ചും വളരെയധികം പ്രധാനപ്പെട്ട വിഷയമാണ്. 2026-ൽ സൈബർ വെല്ലുവിളികൾ കൂടുമെന്നല്ലാതെ കുറയാൻ യാതൊരു സാധ്യതയുമില്ല. സൈബർ തട്ടിപ്പ് സംഘങ്ങൾ ഓരോ ദിവസവും പുത്തൻ വഴികൾ ആളുകളെ വീഴ്ത്താൻ കണ്ടെത്തുന്നതാണ് ഇതിന് കാരണം. അതിനാൽ 2026-ലും സൈബർ സുരക്ഷയ്ക്ക് ഇക്കാര്യങ്ങൾ മറക്കാരെ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കുക.
1. നിങ്ങളുടെ സ്വകാര്യ വിവരങ്ങളും പണവും സംരക്ഷിക്കുക
ഡിജിറ്റൽ ഇടത്തിലെ വ്യക്തിവിവരങ്ങളും പണവും സംരക്ഷിക്കുന്നതിനായി ഒടിപികൾ ഷെയർ ചെയ്യുമ്പോഴും, യുപിഐ ആക്സസ് ചെയ്യുമ്പോഴും, ഡെബിറ്റ്, ക്രഡിറ്റ് കാർഡ് വിവരങ്ങൾ സേവ് ചെയ്യുമ്പോഴും ശ്രദ്ധിക്കുക. പരിചയമില്ലാത്ത ആർക്കും ബാങ്ക് അക്കൗണ്ട് വിവരങ്ങളും യുപിഐ ഐഡികളും ഒടിപികളും കൈമാറരുത്. നിങ്ങളുടെ ഇമെയിൽ ഫോൺ നമ്പർ എന്നിവയുടെ സുരക്ഷയും പ്രധാനമാണ്. അതിനാൽ അവ രണ്ടും ഉപയോഗിക്കുമ്പോഴും ഇമെയിൽ വിലാസവും ഫോൺ നമ്പറും മറ്റുള്ളവർക്ക് നൽകുമ്പോഴും ജാഗ്രത പ്രധാനമാണ്.
2. ഓൺലൈൻ സ്കാമുകളിലും തട്ടിപ്പുകളിലും നിന്ന് അകലം പാലിക്കുക
ഇക്കാലത്ത് ഏറ്റവും അധികം സൈബർ തട്ടിപ്പുകൾ നടക്കുന്നൊരു രീതിയാണ് ഓൺലൈൻ സ്കാമുകൾ എന്നുള്ളത്. വാട്സ്ആപ്പും എസ്എംഎസുകളും കോളുകളും മെയിലുകളും ക്യൂആർ കോഡുകളും വഴി വരുന്ന അനേകം സന്ദേശങ്ങളും ലിങ്കുകളും ചിലപ്പോൾ നിങ്ങൾക്കുള്ള സൈബർ തട്ടിപ്പ് സംഘങ്ങളുടെ കെണികളായിരിക്കും. ഓൺലൈനിൽ വരുന്ന ഓരോ മെസേജുകളോട് പ്രതികരിക്കുമ്പോഴും അതീവ ജാഗ്രത പാലിക്കുക. വിശ്വസനീയമല്ലാത്ത ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. സംശയാസ്പദമായ കോളുകൾ, മെസേജുകൾ എന്നിവയോട് ഒരിക്കലും പ്രതികരിക്കരുത്. എപ്പോഴും ഔദ്യോഗിക വെബ്സൈറ്റുകളിൽ മാത്രം ക്ലിക്ക് ചെയ്യുക.
3. ആപ്പുകൾ ആപ്പാവരുത്
എപ്പോഴും ഔദ്യോഗിക ആപ്പുകൾ മാത്രമേ ഏതൊരു സേവനങ്ങൾക്കായും ഉപയോഗിക്കാൻ പാടുള്ളൂ. വ്യാജവും ക്ലോൺ ചെയ്യപ്പെട്ടതുമായ ആപ്പുകൾ ധാരാളം ഇന്റർനെറ്റിൽ ലഭ്യമാണ്. അവ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്. ആപ്പുകൾ ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും നിന്ന് മാത്രം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ആപ്പുകൾ ഡൗൺലോഡ് ചെയ്യും മുമ്പ് അവ വെരിഫൈ ചെയ്യുകയും അവയുടെ റിവ്യൂ പരിശോധിച്ച് ഉറപ്പിക്കുകയും വേണം. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആവശ്യമായ പെർമിഷനുകൾ മാത്രം നൽകാനും ശ്രദ്ധിക്കുക. എപികെ ഫയലുകൾ വഴി യാതൊരു കാരണവശാലും ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പാടില്ല.
4. ഫയൽ ഷെയറിംഗിലും ശ്രദ്ധിക്കാനുണ്ട്
ഒന്നിലേറെ പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ എപ്പോഴും ഷെയർ ചെയ്യപ്പെടുന്ന ഫയലുകൾ പരിശോധിച്ച് അവയുടെ സുരക്ഷ ഉറപ്പുവരുത്തുക.
5. സിസിടിവി, വൈഫൈ സുരക്ഷ
ഇന്ന് വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവികൾ സ്ഥാപിക്കുന്നത് സർവ്വസാധാരണമാണ്. അതിനാൽ, സിസിടിവികൾ സ്ഥാപിക്കുമ്പോഴും അനേകം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സിവിടിവികൾക്ക് ശക്തമായ പാസ്വേഡുകൾ നൽകുക, ഒരിക്കലും കമ്പനികൾ പൊതുവായി തരുന്ന പാസ്വേഡുകൾ ഉപയോഗിക്കരുത്. കുറഞ്ഞത് മാസത്തിലൊന്നെങ്കിലും പാസ്വേഡുകൾ അപ്ഡേറ്റ് ചെയ്യുകയും വേണം. ഇതിന് സമാനമാണ് വൈഫൈയുടെ സുരക്ഷയും. വീടുകളിലും സ്ഥാപനങ്ങളിലും വൈഫൈയും ശക്തമായ പാസ്വേഡുകൾ ഉപയോഗിച്ച് സംരക്ഷിക്കുകയും സിസിടിവിയിലേക്കും വൈഫൈയിലേക്കുമുള്ള ആക്സസ് പരിമിതമാക്കുകയും വേണം. പൊതുയിടങ്ങളിലെ വൈഫൈകൾ ഉപയോഗിക്കാതിരിക്കുന്നതും സൈബർ സുരക്ഷയ്ക്ക് നല്ലതാണ്. ഇത്തരം പൊതു വൈഫൈകൾ ഹാക്ക് ചെയ്യപ്പെടാൻ എളുപ്പം കഴിയുന്നവയായിരിക്കാം എന്നതാണ് ഇതിന് കാരണം.
6. എല്ലായിടത്തുനിന്നും ഫോൺ ചാർജ് ചെയ്യരുത്
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നിന്ന് മൊബൈൽ ഫോണുകളും ലാപ്പ്ടോപ്പുകളും ചാർജ് ചെയ്യുന്ന ശീലം നമുക്ക് മിക്കവർക്കുമുണ്ട്. എന്നാൽ ഇങ്ങനെ ചാർജ് ചെയ്യുന്നത്, യുഎസ്ബി പോർട്ട് വഴി ഡിവൈസിലേക്ക് ഹാക്കർമാർക്ക് പ്രവേശിക്കാൻ വഴിയൊരുക്കിയേക്കാം.
2026 ലെ പ്രധാന സൈബർ വെല്ലുവിളികൾ വ്യാജ ഇമെയിലുകളും ഫിഷിംഗ് സാമുകളും ഡീപ്ഫോക്ക് തട്ടിപ്പുകളും സ്കാമുകളും കമ്പ്യൂട്ടറുകളിലും ക്ലൗഡുകളിലുമുള്ള റാൻസംവെയറുകൾ പാസ്വേഡും ഐഡൻ്റിറ്റിയും തട്ടിയെടുക്കൽ ഓൺലൈനായി പണം തട്ടിയെടുക്കൽ, സൈബർ അറസ്റ്റ്.
വ്യാജ നിക്ഷേപ തട്ടിപ്പുകൾ ഓൺലൈൻ സുരക്ഷയ്ക്ക് ഇവ പ്രധാനം:
1. ശക്തമായ പാസ്വേഡുകളും ടു-സ്റ്റെപ് വെരിഫിക്കേഷനും ഉറപ്പാക്കുക.
2. ക്ലിക്ക് ചെയ്യും മുമ്പ് ഇമെയിലുകളും ലിങ്കുകളും പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തുക
3. മൊബൈൽ ഫോണുകൾ പോലുള്ള ഡിവൈസുകൾ എപ്പോഴും അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കുക.
4. സുരക്ഷിതമായ ക്ലൗഡ്, റിമോട്ട് ആക്സസുകൾ മാത്രം ഉപയോഗിക്കുക.
5. വ്യക്തിവിവരങ്ങൾ അനാവശ്യമായി ആരോടും പങ്കുവെക്കരുത്.
