കോഴിക്കോട് ∙ കുറ്റ്യാടി, നാദാപുരം, വടകര നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ദേശീയപാതയെയും സംസ്ഥാനപാതയും ബന്ധിപ്പിക്കുന്നതും വടകര നഗരസഭ, വില്യാപ്പള്ളി, ആയഞ്ചേരി, പുറമേരി, നാദാപുരം ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന റോഡ് 12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്.ഭൂരിഭാഗം ഭൂവുടമകളിൽ നിന്നും സമ്മതപത്രം ലഭിച്ച കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. 61.71 കോടി രൂപയുടെ പ്രവൃത്തിയാണ് ഈ നിയോജക മണ്ഡലങ്ങളിൽ നടത്തുന്നത്. ഇതിൽ യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനുള്ള 3.27 കോടി രൂപ കെഎസ്ഇബിക്കും 2.57 കോടി രൂപ ജല അതോറിറ്റിക്കും കൈമാറിയിട്ടുണ്ട്.
1050 മീറ്റർ നീളത്തിൽ മതിൽ പുനർനിർമാണം പൂർത്തിയായി. ആറ് സ്ലാബ് കൾവെർട്ടുകളുടെയും രണ്ട് ബോക്‌സ് കൾവർട്ടുകളുടെയും ഡ്രയിനേജിന്റെയും നിർമാണം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് സ്ഥലം വിട്ടുനൽകുന്ന ഭൂവുടമകൾക്ക് മതിലുകളുടെ പുനർനിർമാണവും ഉപജീവന മാർഗങ്ങൾക്ക് നഷ്ടമുണ്ടാകുന്നവർക്ക് അവ പരിഹരിക്കുന്നതിനുള്ള ഘടകങ്ങളും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയത്. കിഫ്ബിയുടെ അനുമതി പ്രകാരം കേരള റോഡ് ഫണ്ട് ബോർഡിനാണ് പ്രവൃത്തിയുടെ നിർവഹണ ചുമതല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്
