അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്ന് പറഞ്ഞാൽ എത്തിയിരിക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ. അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തും എന്ന് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു, അങ്ങനെ പറഞ്ഞെങ്കിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തിയിരിക്കും. ജനുവരി അവസാനത്തോടെയെത്തും. അഞ്ചുവർഷക്കാലത്തെ വികസന പദ്ധതികൾ പ്രഖ്യാപിക്കും.
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചു. ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് തീരുമാനം. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ആണ് പ്രഖ്യാപിച്ചത്. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികൾക്ക് ആർ ശ്രീലേഖ മധുരം നൽകി സന്തോഷം പങ്കുവെച്ചു.
വിവി രാജേഷ് ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കൊടുങ്ങാനൂർ കൗൺസിലറുമാണ് ഇദ്ദേഹം. കൗൺസിലറായി ഇത് രണ്ടാമൂഴമാണ്. ജില്ല പ്രസിഡന്റ് കരമന ജയൻ, വി വി രാജേഷ്, ആർ ശ്രീലേഖ, ജില്ല ജനറൽ പാപ്പനം കോട് സജി എന്നിവർ അടിയന്തര ചർച്ചയിൽ പങ്കെടുത്തു. രാജേഷിനായി അവസാന നിമിഷം ഇടപെട്ടത് മുരളീധര പക്ഷമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
അതേസമയം തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ആർഎസ്എസ് മുന്നോട്ടുവച്ചത് വി വി രാജേഷിന്റെ പേര്. ഡെപ്യൂട്ടി മേയർ ആശാ നാഥിന്റെ പേര് മുന്നോട്ട് വെച്ചതും ആർഎസ്എസ്. RSS നെ വെട്ടാൻ സംസ്ഥാന നേതൃത്വത്തിനായില്ല. സംസ്ഥാന നേതൃത്വത്തിന് താല്പര്യം ആർ ശ്രീലേഖയോടും, ജി എസ് മഞ്ജുവിനോടും ആയിരുന്നു.
അവസാന നിമിഷം വരെ സംസ്ഥാന നേതൃത്വം ആർ ശ്രീലേഖയ്ക്കുവേണ്ടി പോരാടി. എന്നാൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി ആയത് ആർഎസ്എസിന്റെ പ്രവർത്തനം കൊണ്ടെന്ന് വിലയിരുത്തലിൽ RSS തീരുമാനത്തിന് അംഗീകാരം നൽകി. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആയി രാഷ്ട്രീയ പരിചയ സമ്പത്തുള്ള ആൾ വരണം എന്ന് ആർഎസ്എസ് തീരുമാനം അംഗീകരിച്ചു.
നീണ്ട ചർച്ചകൾക്ക് ശേഷമാണ് വിവി രാജേഷിനെ തിരുവനന്തപുരം മേയറാക്കാൻ തീരുമാനമായത്. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. എന്നാല്‍ ശ്രീലേഖ മേയർ ആവുന്നതിനെ ഒരു വിഭാഗം എതിർപ്പുയർത്തുകയായിരുന്നു. ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നാണ് വിവരം.ആശാനാഥ് ഡെപ്യൂട്ടി മേയർ ആയേക്കും. ബിജെപി കേന്ദ്ര നേതൃത്വവും രാജീവ് ചന്ദ്രശേഖറും നടത്തിയ ചർച്ചയിലാണ് തീരുമാനം.
