കൊല്ലം : അപ്രതീക്ഷിതമായി ആഞ്ഞടിച്ച തിരമാലകൾ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെടുത്ത നടുക്കുന്ന ഓർമയ്ക്ക് ഇന്ന് 21 വയസ്. ക്രിസ്മസ് ആഘോഷങ്ങളിലായിരുന്ന ജനങ്ങൾക്കിടയിലേക്കാണ് 2004 ഡിസംബർ 26ന് രാക്ഷസത്തിരമാലകൾ ആഞ്ഞടിച്ചത്. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഭൂകമ്പത്തെത്തുടർന്നുണ്ടായ സുനാമി കേരളത്തിൽ ആഞ്ഞടിച്ചത് കൊല്ലം, ആലപ്പുഴ ജില്ലകളിലായിരുന്നു. ഇന്നും ദുരന്തത്തിന്റെ ഓർമകൾ പേറിയാണ് ഇവിടങ്ങളിലെ ജനത ജീവിക്കുന്നത്.
ഡിസംബർ 26 പകലാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചത്. ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ അതിതീവ്രഭൂചലനത്തിന്റെ പ്രതിഫലനമാണ് സുനാമിയായി രൂപാന്തരപ്പെട്ടത്. 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെയാണ് 30 അടിവരെ ഉയരമുള്ള കൂറ്റൻ തിരമാലകളുണ്ടായത്. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ദൈർഘ്യമേറിയ ഭൂകമ്പമായിരുന്നു ഇത്. പതിനാല് രാജ്യങ്ങളെയാണ് ദുരന്തം ബാധിച്ചത്. ഇന്തോനേഷ്യയിൽ ആഞ്ഞടിച്ച് രണ്ട് മണിക്കൂറിനകം ഇന്ത്യ, ശ്രീലങ്ക തീരങ്ങളിലും സുനാമി അലകളെത്തി.
ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂകമ്പത്തിൽ നൂറടിയിലധികം ഉയരത്തിലാണ് തിരമാലകൾ ഉയർന്ന് പൊങ്ങിയത്. ഇന്ത്യയിൽ കേരളത്തിനു പുറമെ കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നീ തെക്കൻ തീരങ്ങളിലും സുനാമി ദുരന്തം വിതച്ചു. 2,27,898 പേർ ദുരന്തത്തിൽ മരിച്ചതായാണ് കണക്ക്. ഇന്ത്യയിൽ 16,000 ത്തോളം പേർക്കാണ് സുനാമിയിൽ ജീവൻ നഷ്ടമായത്. തമിഴ്നാട്ടിൽ മാത്രം 7000 ത്തോളം പേരുടെ ജീവൻ സുനാമി കവർന്നു. 236 പേരാണ് കേരളത്തിൽ മരിച്ചത്. ആലപ്പുഴ, കൊല്ലം ജില്ലകളെ കൂടുതലായി ബാധിച്ച ദുരന്തത്തിൽ ആലപ്പാട് മുതൽ അഴീക്കൽ വരെ എട്ട് കിലോമീറ്റർ തീരം തിരകളെടുത്തു. മൂവായിരത്തിലധികം വീടുകൾ തകർന്നു. കൊല്ലം, ആലപ്പാട്, ശ്രായിക്കാട്, അഴീക്കൽ, വലിയഴീക്കൽ, തറയിൽക്കടവ്, പെരുമ്പള്ളി തീരങ്ങളിലാണ് ഏറെ നാശനഷ്ടമുണ്ടായത്.
കൊല്ലം ജില്ലയിലെ ആലപ്പാട് 142 പേരും ആലപ്പുഴയിലെ ആറാട്ടുപുഴ പഞ്ചായത്തിൽ 29 പേരും സുനാമിത്തിരകളിൽ മരണമടഞ്ഞു. ആയിരത്തിലേറെ വീടുകൾ പൂർണമായും മൂവായിരത്തിലേറെ വീടുകൾ ഭാഗികമായും നശിച്ചു. ആൾനാശത്തിനു പുറമെ കന്നുകാലികളും വളർത്തുമൃഗങ്ങളും വീടും ജീവനോപാധികളും തകർന്നത് മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെവൻ പ്രതിസന്ധിയിലാക്കി. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെയും കയർത്തൊഴിലാളികളുടെയും വീടും ജീവിതസമ്പാദ്യങ്ങളും തിരകൾ കൊണ്ടുപോയി. ഉറ്റവരെ നഷ്ടപ്പെട്ട നിരവധിപേരാണ് തീരത്ത് ദുഃഖം പേറി ജീവിക്കുന്നത്. സർവതും നഷ്ടപ്പെട്ട് പകച്ചുനിന്ന തീരദേശജനതയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സർക്കാരുകൾ പ്രവർത്തിച്ചു. സുനാമി ബാധിത പ്രദേശങ്ങളിലെല്ലാം ദീർഘകാല പാരിസ്ഥിതിക നാശം രൂക്ഷമായിരുന്നു.
സുനാമി ദുരിതം വിതച്ച തീരങ്ങളെ പൂർവസ്ഥതിയിലെത്തിക്കുക എന്നത് വർഷങ്ങൾ നീണ്ട കഠിനാധ്വാനമായി. ജീവൻ നഷ്ടമായ ഉറ്റവരും നഷ്ടമായ ജീവിതത്തെക്കുറിച്ചുള്ള ഓർമകളിൽ നീറിക്കഴിയുന്നവരും നിരവധി. കഠിനമായി പരിശ്രമിച്ചിട്ടും ഇനിയും പഴയതു പോലെയായിത്തീരാത്ത, ആവില്ലെന്നുറപ്പിക്കുന്ന സുനാമി നഷ്ടങ്ങൾ ഇന്നും തീരാവേദനയായി അവശേഷിക്കുന്നു.
