ഡൽഹിയിൽ വീണ്ടും വായു മലിനീകരണം രൂക്ഷം; എ.ക്യു.ഐ 395ലെത്തി

news image
Dec 26, 2025, 10:19 am GMT+0000 payyolionline.in

ന്യൂഡൽഹി: രണ്ട് ദിവസത്തെ നേരിയ പുരോഗതിക്ക് പിന്നാലെ ഡൽഹിയിൽ വായു മലിനീകരണം വീണ്ടും രൂക്ഷം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം നഗരത്തിലെ പല പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക (AQI) ‘വളരെ മോശം’ വിഭാഗത്തിലേക്ക് താഴ്ന്നു. ജഹാംഗീർപുരിയിലും ആനന്ദ് വിഹാറിലും എ.ക്യു.ഐ 395 ആയി രേഖപ്പെടുത്തി. അതേസമയം ലോധി റോഡ് സ്റ്റേഷനിൽ വായു ഗുണനിലവാരം 185 എന്ന നിലയിലാണ്.

അടുത്തിടെ വായു ഗുണനിലവാരത്തിൽ നേരിയ മെച്ചം രേഖപ്പെടുത്തിയിരുന്നെങ്കിലും, കുറഞ്ഞ കാറ്റിന്റെ വേഗതയും കാലാവസ്ഥാ സാഹചര്യങ്ങളും മൂലം വരും ദിവസങ്ങളിൽ മലിനീകരണ നില കൂടുതൽ മോശമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ശരാശരി കാറ്റിന്റെ വേഗത മണിക്കൂറിൽ 10 കിലോമീറ്ററിൽ താഴെയാണ്.

കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിലെ ശരാശരി എ.ക്യു.ഐ 250ൽ താഴെയായിരുന്നു. ഇന്നലെ ഇത് 234 വരെ കുറഞ്ഞെങ്കിലും, മലിനീകരണ തോത് ഇപ്പോഴും ആശങ്കാജനകമാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) പ്രകാരമുള്ള നിയന്ത്രണങ്ങൾ സർക്കാർ തുടരും.

അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹൈബ്രിഡ് മോഡിൽ ക്ലാസുകൾ തുടരുമെന്നും സർക്കാർ അറിയിച്ചു. അതേസമയം, വാഹനങ്ങൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിലവിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

വായു മലിനീകരണം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ കുട്ടികളും വയോധികരും ശ്വാസകോശ സംബന്ധമായ രോഗികളുമാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe