സൗജന്യ കുടിവെള്ളം….! ബിപിഎൽ ഉപഭോക്താക്കൾക്ക് 2026 ജനുവരി 1 മുതൽ 31 വരെ അപേക്ഷിക്കാം

news image
Dec 26, 2025, 3:34 pm GMT+0000 payyolionline.in

തിരുവനന്തപുരം :കേരള വാട്ടർ അതോറിറ്റി ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി ഒന്ന് മുതൽ 31 വരെ അപേക്ഷകൾ സമർപ്പിക്കാം. പ്രതിമാസം 15 കിലോലിറ്റർ (15,000 ലിറ്റർ) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. 2026-ൽ ബിപിഎൽ ആനുകൂല്യം ലഭിക്കുന്നതിനായി, നിലവിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും അപേക്ഷ നൽകണം. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 2026 ജനുവരി 31-ന് മുൻപ് http://bplapp.kwa.kerala.gov.in ഓൺലൈൻ പോർട്ടൽ വഴി അപേക്ഷകൾ നൽകാം. ഉപഭോക്താക്കളുടെ ഇ-അബാക്കസ് വിവരങ്ങൾ സിവിൽ സപ്ലൈസ് വെബ്സൈറ്റിലെ റേഷൻ കാർഡ് വിവരങ്ങളുമായി താരതമ്യം ചെയ്ത ശേഷം അർഹതയുള്ളവർക്ക് ആനുകൂല്യം അനുവദിക്കും. വാട്ടർ ചാർജ് കുടിശ്ശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31-നു മുൻപ് കുടിശ്ശിക അടച്ചുതീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്‌താൽ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. അതേസമയം വാടകവീടുകളിൽ താമസിക്കുന്നവർക്കും ഈ വർഷം മുതൽ ബിപിഎൽ ആനുകൂല്യം അനുവദിക്കും. ഈ വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾ അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകർപ്പും വീടുടമസ്ഥൻറെ സമ്മതപത്രവും ഓൺലൈൻ പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വാട്ടർ അതോറിറ്റി സെക്ഷൻ ഒാഫിസ് സന്ദർശിക്കുകയോ ടോൾഫ്രീ നമ്പരായ 1916-ൽ വിളിക്കുകയോ ചെയ്യുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe