മലബാർ വിഭവങ്ങളുടെ പെരുമ ലോകപ്രശസ്തമാണ്. ആ തനിമയാർന്ന രുചിക്കൂട്ടുകളിൽ പ്രധാനിയാണ് ഉന്നക്കായ. നല്ല പഴുത്ത നേന്ത്രപ്പഴത്തിന്റെ മധുരവും തേങ്ങയുടെയും നെയ്യിന്റെയും സ്വാദും കൂടി ചേരുമ്പോൾ ഈ വിഭവം നൽകുന്ന സ്വാദ് ഒന്ന് വേറെ തന്നെയാണ്.
വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ ഇതിലും മികച്ചൊരു പലഹാരമില്ല എന്ന് വേണമെങ്കിൽ പറയാം. വിരുന്നുകാർ വരുമ്പോഴും, നാലുമണി ചായയുടെ കൂടെയും എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഉന്നക്കായയുടെ റെസിപ്പി ഇതാ..
ചേരുവകൾ
- നേന്ത്രപ്പഴം – 3 എണ്ണം ( ആവശ്യത്തിന് പഴുത്തത് )
- അരിപൊടി – 2 ടേബിൾസ്പൂൺ
- തേങ്ങ ചിരകിയത് – 1 കപ്പ്
- നെയ്യ് – 1 ടേബിൾസ്പൂൺ
- പഞ്ചസാര – 4 ടേബിൾസ്പൂൺ
- ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
- കശുവണ്ടി – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം പുഴുങ്ങിയെടുക്കുക. അതിനുശേഷം ഉള്ളിലെ കറുത്ത ഭാഗം മാറ്റിയ ശേഷം കട്ടകളില്ലാതെ നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് അരിപ്പൊടി കൂടി ചേർത്ത് കുഴച്ച് വെക്കുക. ഒരു പാൻ അടുപ്പത്തുവെച്ച് നെയ്യൊഴിക്കുക. ഇതിൽ കശുവണ്ടി വറുത്തെടുക്കുക. ശേഷം ചിരകിയ തേങ്ങ, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കിയ ശേഷം അടുപ്പിൽ നിന്നും വാങ്ങി വയ്ക്കാം. തയ്യാറാക്കി വെച്ച മാവ് ചെറിയ ഉരുളയാക്കിയ ശേഷം ചെറുതായി പരത്തിയെടുക്കുക. അതിൽ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂൺ വീതം വെച്ച് ഉന്നക്കായ ആകൃതിയിൽ ഉരുട്ടി എടുക്കുക. ഇത് ചൂടായി വന്ന എണ്ണയിൽ വറുത്തെടുത്താൽ സ്വാദേറുന്ന ഉന്നക്കായ തയ്യാർ.
