മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് 5ന് തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദാണ് നട തുറന്നത്.
മകരവിളക്ക് കാലത്തെ പൂജകൾ നാളെ പുലർച്ചെ 3ന് ആരംഭിക്കും. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 27ന് രാത്രി 10 ന് ഹരിവരാസനം പാടി നടയടച്ചിരുന്നു. ജനുവരി പതിനാലാണ് ഈ വർഷത്തെ മകരവിളക്ക്.മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ സംവിധാനങ്ങളാണ് ദേവസ്വം ബോർഡും സർക്കാരും തീർത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കാനന പാതയിലൂടെ ഉള്ള അയ്യപ്പന്മാരുടെ വരവിനും ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മകര വിളക്കുമായി ബന്ധപ്പെട്ട കെട്ടുന്ന പർണ്ണ ശാലയിൽ ഇത്തവണയും ദേവസ്വം ബോർഡ് ഭക്ഷണം എത്തിച്ചു നൽകും.
മകര വിളക്ക് ദർശിക്കാനായി പ്രത്യേക ഇടങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം കൃത്യമായ സുരക്ഷാ സംവിധാനം ഒരുക്കും. മകരവിളക്ക് തീർത്ഥാടന കാലത്തും സ്പോട്ട് ബുക്കിംഗ് ഉണ്ടാകും. തീർത്ഥാടകർ പരമാവധി വെർച്ചൽ ക്യൂ ബുക്കിംഗ് പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്.
