ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ

news image
Jan 1, 2026, 8:35 am GMT+0000 payyolionline.in

തിരുവനന്തപുരം: പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് കേരള പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

ആളുകളില്‍ വിശ്വാസ്യത തോന്നിക്കാന്‍ ‘പ്രധാനമന്ത്രി ന്യൂ ഇയര്‍ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡ്’ എന്ന പേരിലാണ് പ്രധാനമായും തട്ടിപ്പ് സംഘങ്ങള്‍ ലിങ്കുകള്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അയക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ, നിങ്ങള്‍ക്ക് നിശ്ചിത തുക പുതുവത്സര സമ്മാനമായി ലഭിച്ചതായുള്ള സന്ദേശം സ്‌ക്രീനില്‍ തെളിയും. ഈ പണം ബാങ്ക് അക്കൗണ്ടിലേക്ക് ചേര്‍ക്കുന്നതിന് പിന്‍ നമ്പര്‍ ആവശ്യപ്പെടുകയാണ് തട്ടിപ്പ് സംഘത്തിന്‍റെ അടുത്ത നീക്കം. എന്നാല്‍ ഇത്തരത്തില്‍ പിന്‍ നമ്പര്‍ നല്‍കുന്നതോടെ ആളുകളുടെ അക്കൗണ്ടുകളില്‍ തുക ക്രഡിറ്റാവുന്നതിന് പകരം, അക്കൗണ്ടിലെ പണമാകെ ചോര്‍ന്നുപോകും. ആരാണ് ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പിന്നിലെന്ന് അറിയാന്‍ പോലും കഴിയാതെ പണം നഷ്‌ടമായവര്‍ വിലപിക്കുകയും ചെയ്യും. ഈ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് കേരള പൊലീസ് മീഡിയ സെന്‍റര്‍ പുറത്തിറക്കിയ മുന്നറിയിപ്പ് സന്ദേശം ചുവടെ ചേര്‍ക്കുന്നു.

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ന്യൂ ഇയർ ഗിഫ്റ്റ് എന്ന പേരിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്

പ്രൈം മിനിസ്റ്റർ ന്യൂ ഇയർ ഗിഫ്റ്റ് സ്ക്രാച്ച് കാർഡ്, സ്ക്രാച്ച് കാർഡ്അ യച്ചുനൽകി ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്.തട്ടിപ്പുകാർ സ്ക്രാച്ച് കാർഡ് അടങ്ങിയ ലിങ്കുകൾ സോഷ്യൽ മീഡിയയിലൂടെ അയച്ചുനൽകി ആ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പിൻ്റെ തുടക്കം.

തട്ടിപ്പുകാർ അയച്ചുനൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഒരു നിശ്ചിത തുകയുടെ സമ്മാനം ലഭിച്ചതായി അറിയിപ്പ് ലഭിക്കുകയും ആ തുക അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതിന് PIN നമ്പർ എൻ്റർ ചെയ്യുവാൻ ആവശ്യപ്പെടുകയും നമ്പർ എൻ്റർ ചെയ്യുന്നതോടുകൂടി അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നതാണ് തട്ടിപ്പു രീതി. പൊതുജനങ്ങൾ ഇത്തരം തട്ടിപ്പിൽ ജാഗ്രത പാലിക്കേണ്ടതും പ്രൈം മിനിസ്റ്റർ ഗിഫ്റ്റ് എന്ന പേരിലോ മറ്റു പേരുകളിലോ കേന്ദ്ര സംസ്ഥാന സർക്കാരുകൾ യാതൊരുവിധ സമ്മാനപദ്ധതികളും ഏർപെടുത്തിയില്ലാത്തതും ഫെസ്റ്റിവൽ സിസണുകൾ മുന്നിൽകണ്ട് പണം തട്ടിയെടുക്കുന്നതിനുള്ള തട്ടിപ്പുകാരുടെ പുതിയ തട്ടിപ്പുരീതിയാണിതെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ സൈബർ പോലീസിനെ വിവരം അറിയിക്കാവുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe