മുംബൈ: രാജ്യത്തെ ജനപ്രിയ വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ. 100 മില്ലി ഗ്രാമിന് മുകളിലുള്ള നിമെസുലൈഡ് ടാബ്‍ലറ്റുകളും സിറപ്പുകളുമാണ് നിരോധിച്ചത്. ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയമാണ് നിരോധനം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
ഈ വർഷം നവംബർ വരെയുള്ള കണക്ക് പ്രകാരം 489 കോടി രൂപയുടെ നിമെസുലൈഡ് വേദന സംഹാരികളാണ് വിറ്റുപോയതെന്ന് ഫാർമറാക്ക് അറിയിച്ചു. മാത്രമല്ല, വിൽപനയിൽ 8.4 ശതമാനം കോംപൗണ്ടഡ് ആന്യുവൽ ഗ്രോത് റേറ്റ് അതായത് ശരാശരി വാർഷിക വളർച്ചയും രേഖപ്പെടുത്തിയിരുന്നു. സൺ ഫാർമ, ഡോ. റെഡീസ്, ലുപിൻ, സിപ്ല, ഇന്റാസ്, സൈഡൂസ് തുടങ്ങിയ കമ്പനികളാണ് നിമെസുലൈഡ് വിപണിയിലെത്തിച്ചിരുന്നത്.
നിമെസുലൈഡ് ഉപയോഗിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതേതുടർന്ന്, വേദന സംഹാരിയെ കുറിച്ച് പഠിക്കാൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെ (ഐ.സി.എം.ആർ) കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തു. ഐ.സി.എം.ആർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. 100 മില്ലി ഗ്രാമിൽ കുറവുള്ള നിമെസുലൈഡ് വേദന സംഹാരി ഉത്പന്നങ്ങളുടെ കവറിന് പുറത്ത് ‘ബ്ലാക് ബോക്സ്’ മുന്നറിയിപ്പ് നൽകാനും ഐ.സി.എം.ആർ നിർദേശിച്ചിട്ടുണ്ട്.
ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡുമായി കൂടിയാലോചിച്ച് 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിലെ 26 എ വകുപ്പ് പ്രകാരം കേന്ദ്ര സർക്കാർ നിമെസുലൈഡ് വേദന സംഹാരികളുടെ ഉത്പാദനവും വിതരണവും വിൽപനയും നിരോധിക്കുകയാണെന്ന് വിജ്ഞാപനത്തിൽ അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയാൽ ഏത് മരുന്നിന്റെയും സൗന്ദര്യ വർധക വസ്തുക്കളുടെയും ഉത്പാദനവും വിതരണവും വിൽപനയും അടിയന്തരമായി നിരോധിക്കാൻ സർക്കാറിന് അധികാരം നൽകുന്ന വകുപ്പാണ് 26 എ.
