തിരുവങ്ങൂരില്‍ ദേശീയപാതയുടെ മതില്‍ സ്ഥാപിക്കുന്നതിനിടെ കോണ്‍ക്രീറ്റ് തകര്‍ന്ന് റോഡിലേക്ക് വീണു

news image
Jan 2, 2026, 2:06 pm GMT+0000 payyolionline.in

തിരുവങ്ങൂര്‍: തിരുവങ്ങൂരില്‍ ദേശീയപാതയുടെ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞുവീണു. നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി സ്ലാബ് കയര്‍കെട്ടി മുകളിലേക്ക് ഉയര്‍ത്തുന്നതിനിടെ കയര്‍പൊട്ടി സ്ലാബ് താഴെ വീഴുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ദേശീയപാതയ്ക്കായി കൂറ്റന്‍ സ്ലാബുകള്‍ ഉയര്‍ത്തിയ ഭാഗത്ത് മുഴുവന്‍ സ്ലാബുകളും സ്ഥാപിച്ചിരുന്നില്ല. ചിലഭാഗങ്ങളില്‍ മാത്രം സ്ഥാപിച്ചതിനാല്‍ ഏത് സമയത്തും ഇത് താഴെ വീണ് അപകടം സംഭവിക്കാമെന്ന സ്ഥിതിയിലായിരുന്നു. ഈ സാഹചര്യത്തില്‍ ഇവിടെ പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

രണ്ടുതവണയായി നിര്‍മ്മാണം തുടങ്ങുകയും ഇടയ്ക്കിടെ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. വീണ്ടും പ്രവൃത്തി തുടങ്ങിയ സമയത്ത് ക്രെയിന്‍ ഉപയോഗിച്ച് സ്ലാബ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകട സമയത്ത് സര്‍വ്വീസ് റോഡില്‍ വാഹനമില്ലാതിരുന്നതിനാലാണ് കൂടുതല്‍ അപകടം ഒഴിവായത്. സ്‌കൂളടക്കം ഇതിന്റെ സമീപത്തുണ്ട്. അതിനാല്‍ എത്രയും പെട്ടെന്ന് മതില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe