കോഴിക്കോട് മാവൂരിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച് സ്ഥലമുടമ ; പാതിരാത്രിയിൽ വിഷപ്പുക ശ്വസിച്ച് വീടുവിട്ടിറങ്ങി നാട്ടുകാർ

news image
Jan 3, 2026, 3:55 am GMT+0000 payyolionline.in

മാവൂർ : ജനവാസമേഖലയിലെ ഒഴിഞ്ഞകിണറ്റിൽ പ്ലാസ്റ്റിക്‌ മാലിന്യം കൂട്ടിയിട്ട് കത്തിച്ച് സ്ഥലമുടമ. വിഷപ്പുകശ്വസിച്ച് പാതിരാത്രി വീടുവിട്ടിറങ്ങി നാട്ടുകാർ. കുറ്റിക്കാട്ടൂർ മേലേരിപ്പാടത്തെ സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞകിണറിലാണ് സ്ഥലമുടമതന്നെ പണിക്കാരനെവെച്ച് വ്യാഴാഴ്ച രാവിലെ പ്ലാസ്റ്റിക് മാലിന്യം കുത്തിനിറച്ച് തീയിട്ടത്. പുകപടർന്നതോടെ സമീപവാസികൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

തുടർന്ന് റെസിഡൻറ്‌സ് അസോസിയേഷന്റെ പരാതിയിൽ പഞ്ചായത്ത് മെമ്പർ അനീഷ് പാലാട്ട് വാർഡ്‌ കൺവീനർ ഇർഷാദ് അഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ തീയിടൽ തടഞ്ഞു. എന്നാൽ, തീയണഞ്ഞിട്ടും വിഷപ്പുക പടരുന്നത് അനിയന്ത്രിതമായി തുടർന്നതോടെ പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും സഹായംതേടുകയായിരുന്നു.

പോലീസ് സ്ഥലമുടമയെ സംഭവസ്ഥലത്തേക്ക് വിളിപ്പിച്ചെങ്കിലും അദ്ദേഹം എത്താത്തത് പ്രശ്നം രൂക്ഷമാക്കി. വെള്ളിമാടുകുന്ന് യൂണിറ്റിൽനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മെഡിക്കൽ കോളേജ് പോലീസാണ് കിണറിൽനിന്നുള്ള പുകയണച്ചത്. രാവിലെ കത്തിത്തുടങ്ങിയ മലിന്യത്തിൽനിന്നുള്ള പുക രാത്രിയായതോടെ അസഹ്യമായപ്പോൾ പാതിരാത്രി വീടുവിട്ടിറങ്ങേണ്ടിവന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് നിയന്ത്രണവിധേയമായത്. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് ഉടമയുടെപേരിൽ പിഴയടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്ന് പെരുവയൽ ഗ്രാമപ്പഞ്ചായത്ത് അധികൃതർ അറിയിച്ചു. സ്ഥലമുടമയ്ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടറും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe