‘എ.കെ ബാലൻ മാറാട് ഓർമിപ്പിക്കുന്നത് ബേപ്പൂരിൽ മുഖ്യമന്ത്രിയുടെ മരുമോന് വേണ്ടി’-കെ.എം ഷാജി

news image
Jan 12, 2026, 6:57 am GMT+0000 payyolionline.in

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഭാസ്‌കര പട്ടേലരും എ.കെ. ബാലൻ തൊമ്മിയുമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസിനുവേണ്ടിയാണ് ബാലൻ മാറാട് ഓർമിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പിണറായിക്കുവേണ്ടി ബാലൻ എന്തും പറയുമെന്നും ഏത് അസൈൻമെന്‍റും ഏറ്റെടുക്കുമെന്നും കോഴിക്കോട് കോട്ടൂരിൽ നടന്ന ലീഗ് പരിപാടിയിൽ കെ.എം ഷാജി പറഞ്ഞു.

‘പിണറായി വിജയൻ എന്നുപറയുന്ന ഭാസ്‌കര പട്ടേലരുടെ കീഴിൽ നിൽക്കുന്ന തൊമ്മിയുടെ പേരാണ് എ.കെ. ബാലൻ എന്നത്. ആ തൊമ്മി, ഭാസ്‌കര പട്ടേലർക്കുവേണ്ടി പേടിച്ച് പണിയെടുക്കുകയാണ്. കാരണം എന്താണെന്നറിയുമോ? ഭാസ്‌കര പട്ടേലർ മരിക്കുമ്പോൾ തൊമ്മിയുടെ ഒരു ഓട്ടമുണ്ട്, സന്തോഷംകൊണ്ട്. ബാലൻ ഓടുന്നത് നമുക്ക് കാണാൻ പറ്റുമോ എന്ന് അറിയില്ല. പക്ഷേ, ഇപ്പോൾ ഭയമാണ്. കടുത്ത ഭയമാണ്. അതുകൊണ്ട് പിണറായി കൊടുക്കുന്ന ഏത് വൃത്തികെട്ട അസൈൻമെന്റും ഇയാൾ ഏറ്റെടുക്കും’, ഷാജി പറഞ്ഞു.

 

‘ഇപ്പോഴത്തെ അസൈൻമെന്റ് എന്താണ് എന്നറിയുമോ. മാറാട് മാറാട് എന്ന് പറയുന്നത് എന്താണെന്ന് അറിയുമോ, മരുമോൻ മത്സരിക്കേണ്ടത് ബേപ്പൂരാണ്. മരുമോന്റെ വോട്ട് എണ്ണി നോക്കുമ്പോൾ, മരുമോന്റെ നില പഞ്ചായത്ത് തിരഞ്ഞെടുപ്പ് പരിശോധിച്ചാൽ കുറച്ചു പരിങ്ങലിലുമാണ്. മരുമോനെ രക്ഷിച്ചെടുക്കാൻ മാറാട് എന്ന ആ പഴയ വേദനിക്കുന്ന ഓർമ മലയാളിയുടെ ഹൃദയത്തിലേക്ക് പിന്നെയും കൊണ്ടുവരാൻ ബാലൻ ഏറ്റെടുത്ത അസൈൻമെന്റാണിത്’, ഷാജി പറഞ്ഞു.

കേരളത്തിലെ ആഭ്യന്തരമന്ത്രി മുസ്ലീം ആയിക്കൂടെന്നാണ് വളഞ്ഞ വഴിയിലൂടെ എ.കെ ബാലൻ പറഞ്ഞതെന്നും കെ.എം ഷാജി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി തീവ്രവാദികൾ ആണെന്ന് വരുത്തിതീർത്ത് ഇസ്ലാമോഫോബിയ പരത്താൻ ആസൂത്രിത നീക്കം നടക്കുന്നു. കാറ്റത്ത് മുണ്ട് പാറി പോകുമ്പോൾ അടിയിലുള്ള കാവി കളസം ഒരുപാട് കണ്ടിട്ടുണ്ട്. ഇപ്പോൾ എ.കെ ബാലൻ ആ മുണ്ട് തന്നെ അഴിച്ചു തലയിൽ ചുറ്റിയെന്നും കെ.എം ഷാജി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe