കോഴിക്കോട്: ലഹരിവിരുദ്ധ വേട്ടക്ക് നേതൃത്വം കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ ലഹരി മാഫിയ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കോഴിക്കോട് സിറ്റിയിലെ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് ലഹരി മാഫിയ പദ്ധതി തയാറാക്കുന്നത്. അടുത്തിടെയുണ്ടായ വ്യാപക ലഹരി വേട്ടയാണ് കൈവിട്ട കളിക്ക് ലഹരി മാഫിയയെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം ഇതുവരെ കോഴിക്കോട് നഗരത്തില്‍ ലഹരി വിരുദ്ധ സ്ക്വാഡായ ഡാന്‍സാഫ് പിടികൂടിയത് ഒരു കിലോഗ്രാമോളം എംഡിഎംഎ ആണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 2094 പേര് ലഹരി കേസില്‍ പിടിയിലായി. അന്വേഷണം പ്രധാന കണ്ണികളിലേക്ക് കൂടി എത്തിയതോടെ ലഹരി മാഫിയ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ ലക്ഷ്യം വെക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഡാന്‍സാഫിലെ മികച്ച ഉദ്യോഗസ്ഥരെയാണ് ലഹരി മാഫിയ നോട്ടപ്പുള്ളികളാക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
ലഹരി വേട്ട നടക്കുമ്പോള്‍ ഇതിന് നേതൃത്വം നല്കിയ ഡാന്‍സാഫ് ഉദ്യോഗസ്ഥരുടെ പേര് വിവരം മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത് ഇവരെ തിരിച്ചറിയാന്‍ ലഹരി സംഘങ്ങള്‍ക്ക് സഹായകമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലഹരി മാഫിയക്കെതിരായ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. ലഹരി മരുന്ന് പിടികൂടുന്ന ഡാന്‍സാഫ് അംഗങ്ങളുടെ പേര് വിവരം പുറത്ത് വരാതിരിക്കാനുള്ള നടപടികള്‍ നേരത്തെ സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യം കര്‍ശനമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിറ്റി പൊലീസ് അറിയിച്ചു.
