സംസ്ഥാനത്ത് 87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി; ആകെ എണ്ണം 750 ആയി

news image
Jan 14, 2026, 10:04 am GMT+0000 payyolionline.in

നവകേരളം കര്‍മ്മപദ്ധതിയിലെ ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 87 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പണി പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 750 ആയി. കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും ആവശ്യമായ ജീവനക്കാരെ നിയമിച്ചുമാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഘട്ടംഘട്ടമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഈ സര്‍ക്കാരിന്റെ കാലയളവില്‍ ആരോഗ്യ മേഖലയില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. നിലവില്‍ 10,000 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 5,416 ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും നഗരപ്രദേശങ്ങളില്‍ 356 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയതായും മന്ത്രി അറിയിച്ചു. ആര്‍ദ്രം മിഷന്റെ ഭാഗമായി 913 ആശുപത്രികളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 90 ആശുപത്രികളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതിന് പുറമെ 14 ജില്ലാ ആശുപത്രികളിലും 26 താലൂക്ക് ആശുപത്രികളിലും ഒപി വിഭാഗം നവീകരിച്ചു. 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായും 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ ശാക്തീകരിച്ചുമുണ്ട്.

 

രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെയുള്ള ഒപി സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന സവിശേഷത. ആശുപത്രികളെ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി കാത്തിരിപ്പ് മുറികള്‍, ഒപി രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും അനുയോജ്യമായ റാംപുകള്‍, സ്വകാര്യത ഉറപ്പാക്കുന്ന പരിശോധനാ മുറികള്‍, ഇന്‍ജക്ഷന്‍ റൂം, ഡ്രസിംഗ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് സ്റ്റേഷന്‍, ഫാര്‍മസി, ലാബ്, ലാബ് വെയിറ്റിംഗ് ഏരിയ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ബോധവത്കരണത്തിനായി കാത്തിരിപ്പ് മുറികളില്‍ ടെലിവിഷന്‍, എയര്‍പോര്‍ട്ട് ചെയറുകള്‍, ദിശാബോര്‍ഡുകള്‍, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികള്‍ എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്.

എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന, സ്ത്രീ, ഭിന്നശേഷി സൗഹൃദമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആരോഗ്യ മേഖലയിലെ ഈ വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 290 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 9 ജില്ലാ ആശുപത്രികള്‍, 8 താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 172 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 40 ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe