ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ

news image
Jan 14, 2026, 3:14 pm GMT+0000 payyolionline.in

തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ‌. ആശുപത്രിയിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ പതിനൊന്നാം പ്രതിയാണ്. എ.പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോൾ ദേവസ്വം ബോർഡ് അംഗമായിരുന്നു. സിപിഐ പ്രതിനിധിയായാണ് ദേവസ്വം ബോർഡിലെത്തിയത്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു.

അന്വേഷണത്തിൽ എന്ത് അസംബന്ധമാണ് നടക്കുന്നതെന്നാണ് തിങ്കളാഴ്ച ഹൈക്കോടതി ചോദിച്ചത്. മകൻ പൊലീസ് ഓഫിസർ ആയതിനാൽ, കേസിൽ പ്രതിയായതുമുതൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് ആശുപത്രിയിലാണ്. മാന്യത വേണം– പ്രത്യേക അന്വേഷണ സംഘത്തോടു കോടതി പറഞ്ഞതിങ്ങനെ.കെ.പി.ശങ്കരദാസിനെ പരിശോധിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഹാജരാക്കാൻ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ശങ്കരദാസ് തിരുവനന്തപുരത്തെ ആശുപത്രിയിൽ അബോധാവസ്ഥയിലാണെന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തെളിവായി ഫോട്ടോകളും ചികിത്സാ രേഖകളും ഹാജരാക്കി. ഇതെല്ലാം തള്ളിയാണ് അറസ്റ്റിലേക്ക് എസ്ഐടി കടന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്കു മാറ്റിയതിനു പിന്നാലെയാണ് അറസ്റ്റ്. ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി എസ്ഐടി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽനിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ കോടതി നിർദേശം അനുസരിച്ച് തീരുമാനിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe