സഹോദരനെ മർദ്ദിക്കുന്നത് തടയാൻ എത്തിയ യുവാവ് തലയ്ക്ക് അടിയേറ്റു മരിച്ചു. തിരുവല്ലയിലെ കവിയൂർ കണിയാംപാറയിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. കണിയാംപാറ മുട്ടത്തുപാറ പൊന്താമലയിൽ വീട്ടിൽ ബിജോയ് (43) ആണ് മരിച്ചത്. മരണപ്പെട്ട ബിജോയിയുടെ സഹോദരൻ ബൈജുവിനെ നാലുപേർ അടങ്ങുന്ന സംഘം ചേർന്ന് വീടിന് സമീപത്തെ റോഡിൽ വച്ച് മർദ്ദിച്ചു.
ബൈജുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ബിജോയ് മർദ്ദനം തടയാൻ ശ്രമിച്ചു. ഇതിനിടെയാണ് ബിജോയിയുടെ തലയ്ക്ക് അടിയേറ്റത്. അടിയേറ്റ് നിലത്ത് വീണ ബിജോയ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വടികളും കല്ലും ഉപയോഗിച്ച് ആയിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തിൽ ബിജോയിയുടെ പിതൃ സഹോദരിയുടെ മകൻ വാഴപ്പറമ്പിൽ റോയ് എന്ന് വിളിക്കുന്ന സാം വി ജോസഫ് , ഭാര്യ സൂസൻ , മകൾ ശ്രുതി, ഇവരുടെ കുടുംബ സുഹൃത്ത് ധനേഷ് എന്നിവരെ തിരുവല്ല പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബിജോയുടെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
