സിനിമാ സമരം പിൻവലിച്ചു; സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകൾ നടത്തിയ ചർച്ച വിജയം

news image
Jan 20, 2026, 10:53 am GMT+0000 payyolionline.in

കൊച്ചി: നാളെ നടക്കാനിരുന്ന സിനിമാ സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകൾ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. വിനോദ നികുതിയിൽ ഇളവ് നൽകാമെന്ന് ഉറപ്പു നൽകിയ സാംസ്കാരിക വകുപ്പ് മന്ത്രി, മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് അറിയിച്ചു. സിനിമ സംഘടനകളുടെ ആവശ്യങ്ങൾ ന്യായമെന്ന് ചർച്ചയിൽ സർക്കാർ വ്യക്തമാക്കി.

തിയേറ്ററുകൾ ലൈസൻസ്, ഷൂട്ടിംഗ് ഏകജാലക സംവിധാനം, തിയേറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോർഡുമായി ചർച്ച ചെയ്യും. വിനോദ നികുതി നാല് ശതമാനമാക്കി കുറയ്ക്കാമെന്ന ശുപാർശ മന്ത്രി മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇത് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് അറിയിച്ചു.

‌അമ്മ, പ്രാെഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലീം ചേമ്പർ തുടങ്ങിയ സംഘടനകൾ സംയുക്തമായി ചേർന്നാണ് ജനുവരി 21ന് സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ജിഎസ്ടി വന്നതിനുശേഷവും തുടർന്നുപോകുന്ന തദ്ദേശനികുതി ഒഴിവാക്കണമെന്നതായിരുന്നു സംഘടനകളുടെ പ്രധാന ആവശ്യം. ജിഎസ്ടിക്ക് പുറമെ തദ്ദേശനികുതിയും വരുന്നതോടെ ഇത് ഫലത്തിൽ ഇരട്ട നികുതിയാണ്. ഇത് വലിയ ഭാരമാണ് സിനിമ മേഖലയ്ക്ക് ഉണ്ടാക്കുന്നത്. എന്നാൽ ഈ കാര്യങ്ങളൊന്നും കേൾക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും കഴിഞ്ഞ സിനിമാ കോൺക്ലേവ് കണ്ണിൽ പൊടിയിടാനാണ് സംഘടിപ്പിച്ചതെന്നും സംഘടനകൾ വിമർശിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe