ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രധാന പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. 1.3 കോടി വില വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ശബരിമലയില്‍ നടന്നത് വ്യാപക ക്രമക്കേടെന്ന് ഇഡി വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണന് പോറ്റിയുടെ എട്ടോളം സ്വത്തുവകകള്‍ കണ്ടുകെട്ടി. ശബരിമലയിലെ സ്പോണ്‍സര്‍ഷിപ്പ് ഇടപാടുകളില്‍ ഗുരുതര ക്രമക്കേടെന്നും കണ്ടെത്തലുണ്ട്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്ന് സുപ്രധാന രേഖകളും ഇഡി പിടിച്ചെടുത്തു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും കൂട്ടുനിനെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സ്വര്‍ണകൊള്ളയിലൂടെ ഉണ്ണികൃഷ്ണന് പോറ്റി വന്‍ സ്വത്ത് സമ്പാദനം നടത്തിയതായും കണ്ടെത്തലുണ്ട്. പ്രതികളുടെ ചോദ്യം ചെയ്യല്‍ നടപടിയിലേക്കും ഇഡി ഉടന്‍ കടക്കും.
ശബരിമല സ്വര്‍ണക്കൊള്ളില്‍ ഇഡി കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി നടത്തിയത് സമീപകാലത്തെ സംസ്ഥാനത്തെ ഏറ്റവും വലിയ റെയ്ഡാണ്. 21 ഇടങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ റെയ്ഡ് പതിനാല് മണിക്കൂറിലേറെ നീണ്ടുനിന്നു. 1998ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയത് ഉള്‍പ്പെടെ സ്വര്‍ണപ്പാളി, ദ്വാരപാലക ശില്പം, കൊടിമരം മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തു. ദേവസ്വം വിജിലന്‍സില്‍ നിന്ന് ഇഡി. സുപ്രധാന വിവരശേഖരണവും നടത്തിയിട്ടുണ്ട്. മിനിറ്റ്സ് തിരുത്തലുമായി ബന്ധപ്പെട്ട രേഖകളും ഇ.ഡി.ക്ക് ലഭിച്ചതായാണ് വിവരം.
ഉണ്ണികൃഷ്ണന് പോറ്റി വാങ്ങിക്കൂട്ടിയ ആസ്തി സംബന്ധിച്ചുള്ള രേഖകള്‍ വീട്ടില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണക്കൊള്ള നടന്ന കാലഘട്ടത്തിലെ വിവരങ്ങളാണ് ഇഡി ശേഖരിച്ചത്. കൂടാതെ സ്പോണ്‍സര്‍ഷിപ്പിന്റെ മറവില്‍ വ്യാപക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെയും ഗോവര്‍ദ്ധിന്റെയും ഇടപാടുകളില്‍ ഇ ഡി ദുരൂഹത സംശയിക്കുന്നുണ്ട്. കൊള്ളയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയോ എന്നും പരിശോധിച്ചു വരികയാണ്. എ പത്മകുമാര്‍, എന്‍ വാസു ഉള്‍പ്പെടെയുള്ള കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമാണ് ഇഡിയുടെ അടുത്ത നീക്കം. റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്ടോപ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഇ ഡിയുടെ ശ്രമം. തുടര്‍ന്നാകും പ്രതികളുടെ ചോദ്യം ചെയ്യലിലേക്ക് കടക്കുക.
