തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുബൈയിൽ പിടിയിൽ

news image
Jan 22, 2026, 11:21 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് പിടിയിൽ. ആത്മഹത്യ ചെയ്ത ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെയാണ് പൊലീസ് മുബൈയിൽ വെച്ച് പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുബൈ വിമാനത്താവളത്തിൽ വെച്ച് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ കേസെടുത്ത പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാപ്രേരണക്കുമാണ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തത്. ഉണ്ണികൃഷ്ണനെതിരെ ആത്മഹത്യാക്കുറിപ്പിൽ പരാമര്‍ശമുണ്ടായിരുന്നു. ബുധനാഴ്ച്ച വൈകിട്ടാണ് കമലേശ്വരം സ്വദേശികളായ എസ്. എൽ. സജിതയെയും മകൾ ഗ്രീമ. എസ്. രാജിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയത്.

ആത്മഹത്യക്ക് കാരണം മകളുടെ ഭർത്താവായ ബി.എം. ഉണ്ണികൃഷ്‌ണനാണെന്ന വാട്സാപ്പ് സന്ദേശം സജിത മരിക്കും മുമ്പ് ബന്ധുക്കൾക്ക് അയച്ചിരുന്നു. ആറു വർഷത്തെ മാനസികപീഡനവും അപമാനവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിലുള്ളത്. കേവലം 25 ദിവസം കൂടെ താമസിച്ച് ഉണ്ണികൃഷ്ണൻ മകളെ ഉപേക്ഷിച്ചുവെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നുമായിരുന്നു സന്ദേശം. ബന്ധുക്കൾക്ക് പുറമെ ശാന്തി ഗാർഡൻസ് റെസിഡൻസ് ഭാരവാഹികളെയും കൗൺസിലർ ഗിരിയെയും ഇക്കാര്യം അറിയിച്ചിരുന്നു. ഇവർ വീട്ടിലെത്തിയെങ്കിലും വാതിൽ തുറക്കാനായില്ല. തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. പൂന്തുറ പൊലീസിലും വിവരം നൽകി. പൊലീസ് സംഘമെത്തി വീടിന്‍റെ വാതിൽ തളളിതുറന്ന് അകത്ത് കയറി നടത്തിയ പരിശോധനയിലാണ് സോഫയിൽ മരിച്ചുകിടക്കുന്ന അമ്മയെയും മകളെയും കണ്ടെത്തിയത്.

ഗ്രീമയുടെ ഭർത്താവ് അയർലൻഡിൽ കോളേജ് അധ്യാപകനായി ജോലിചെയ്യുകയാണെന്നാണ് ബന്ധുക്കൾ പറയുന്നത്. 200ലധികം പവൻ സ്വർണവും വീടും സ്ഥലവും അടക്കമുളള സ്വത്തുക്കളും നൽകിയാണ് വിവാഹം നടത്തിയിരുന്നത്. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസമെത്തിയ ഉണ്ണികൃഷ്ണനെ ഗ്രീമ കണ്ടിരുന്നു. ഇവിടെ വച്ച് ഉണ്ണികൃഷ്ണൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. വിവാഹബന്ധം തുടരാൻ താൽപ്പര്യമില്ലെന്നുന്നുളള സൂചനയും ഉണ്ണിക്കൃഷ്ണൻ നൽകിയിരുന്നെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. അതേസമയം, അമ്മ സജിതക്കും മകൾക്കും സൈയനൈഡ് എങ്ങനെ ലഭിച്ചുവെന്നതിൽ ദുരൂഹതയുണ്ട്.  സജിതയുടെ ഭർത്താവും മുൻ കൃഷിഓഫിസറുമായ രാജീവ് ഒരു മാസം മുമ്പാണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സജിതയുടെയും ഗ്രീമയുടെയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe