ആളൂർ:റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ഒരുങ്ങിക്കിടന്ന 58കാരനെ ജീവിതത്തിലേക്ക് വലിച്ചെടുത്ത് കേരള പൊലീസ്. മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽ പകച്ചുനിന്ന 58-കാരന് ആളൂർ പൊലീസ് രക്ഷകരായി. വെള്ളാഞ്ചിറ കാൽവരിക്കുന്ന് ഭാഗത്ത് റെയിൽവേ ട്രാക്കിൽ ആത്മഹത്യക്കായി തലവെച്ച് കിടന്ന ഉറുമ്പൻകുന്ന് സ്വദേശിയായ മധ്യവയസ്കനെയാണ് പൊലീസ് സമയോചിതമായി ഇടപെട്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇന്നലെ പുലർച്ചെയായിരുന്നു നാടകീയ സംഭവങ്ങൾ. എറണാകുളത്തേക്ക് പോകുന്ന ട്രാക്കിൽ ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാൽവരിക്കുന്ന് പള്ളിക്ക് സമീപം ഒരാൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇരിങ്ങാലക്കുട സ്റ്റേഷൻ മാസ്റ്റർ ആളൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സന്ദേശം ലഭിച്ച ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളൂർ പൊലീസ് സ്റ്റേഷൻ ജി .എസ്.ഐ ജെയ്‌സൺ, സി.പി.ഒ ഹരികൃഷ്ണൻ, ഹോം ഗാർഡ് ജോയ് എന്നിവർ നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തി.പൊലീസ് എത്തുമ്പോൾ മധ്യവയസ്കൻ ട്രാക്കിൽ തലവെച്ച് കിടക്കുകയായിരുന്നു.
ട്രെയിൻ വരാൻ സാധ്യതയുള്ളതിനാൽ ഒട്ടും സമയം കളയാതെ ഉദ്യോഗസ്ഥർ ട്രാക്കിലേക്ക് ഓടിക്കയറി ഇദ്ദേഹത്തെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വലിയൊരു ദുരന്തം ഒഴിവായത്.റെയിൽവേ ട്രാക്കിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ഇദ്ദേഹത്തെ പൊലീസ് ആശ്വസിപ്പിക്കുകയും ഉടൻ തന്നെ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
