കണ്ണൂർ : പയ്യന്നൂരിൽ രക്തസാക്ഷിഫണ്ടടക്കം ഒരുകോടി രൂപ നേതാക്കൾ തട്ടിയെടുത്തെന്നു പരസ്യമായി വിളിച്ചുപറഞ്ഞ സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞിക്കൃഷ്ണനെ പാർട്ടി പുറത്താക്കി. ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടി ശത്രുക്കളുടെ കോടാലിക്കൈ ആയി കുഞ്ഞിക്കൃഷ്ണൻ മാറിയെന്ന് കെ.കെ.രാഗേഷ് പറഞ്ഞു. കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി തള്ളികുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച വിഷയങ്ങൾ 2022 ഏപ്രിലിൽ പാർട്ടി ചർച്ച ചെയ്തു തീരുമാനമെടുത്തിരുന്നതായി കെ.കെ.രാഗേഷ് പറഞ്ഞു. അദ്ദേഹം വെളിപ്പെടുത്തിയത് പുതിയ കാര്യമല്ല. ആരോപണം ഉയർന്നപ്പോൾ പാർട്ടി പാർട്ടിയുടേതായ നടപടി സ്വീകരിച്ചു. പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. കുഞ്ഞിക്കൃഷ്ണനെ പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. നടപടി വന്നതോടെ കുഞ്ഞിക്കൃഷ്ണൻ പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിന്നു. അതിനുശേഷം ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കി. കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗമായി. ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ കുഞ്ഞിക്കൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്തു തീരുമാനമെടുത്തതാണ്. ആരോപണം ഉന്നയിച്ചശേഷമാണ് ജില്ലാ കമ്മിറ്റിയിലേക്ക് കുഞ്ഞിക്കൃഷ്ണനെ തിരിച്ചെടുത്തത്പിന്നീട് സഹകരണ സ്ഥാപനവുമായി ബന്ധപ്പെട്ട് മധുസൂദനൻ എംഎൽഎയ്ക്കെതിരെ അദ്ദേഹം ആരോപണം ഉന്നയിച്ചു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് സഹകരണ സ്ഥാപനം ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്. ആരോപണം സംബന്ധിച്ച രേഖകൾ നൽകാൻ പറഞ്ഞപ്പോൾ കുഞ്ഞിക്കൃഷ്ണൻ നൽകിയില്ല. ജില്ലാ കമ്മിറ്റിയിൽ അടിസ്ഥാന രഹിതമായ കാര്യങ്ങൾ ഉന്നയിച്ചശേഷം മാധ്യമങ്ങളിൽ ചർച്ചയാക്കി. പാർട്ടിയെ പ്രതിരോധത്തിലാക്കിയതിനു അന്നു ശാസന നൽകിയിരുന്നു. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വാർത്ത ചോർത്തൽ സംബന്ധിച്ചും പാർട്ടി അന്വേഷിച്ചു. പാർട്ടിക്ക് അക്കാര്യത്തിൽ വ്യക്തമായ തെളിവു ലഭിച്ചു. പാർട്ടിക്ക് അകത്തുനിന്ന്, പാർട്ടിയെ വഞ്ചിച്ചു വാർത്ത ചോർത്തിയെന്നു കുഞ്ഞിക്കൃഷ്ണൻ തന്നെ പറഞ്ഞുആറു മാസമായി ജില്ലാ കമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കാറില്ല. എന്നാൽ, കീഴ്ഘടകങ്ങളിലെ കമ്മിറ്റിയിൽ പങ്കെടുക്കാറുണ്ട്. ശാസിച്ചപ്പോഴും പറയാതിരുന്ന കാര്യം ഇപ്പോൾ കുഞ്ഞിക്കൃഷ്ണൻ പറയുന്നത് തിരഞ്ഞെടുപ്പ് വരുന്നതിനാലാണ്. മധുസൂദനനോട് അദ്ദേഹത്തിനു പകയുണ്ട്. കുഞ്ഞിക്കൃഷ്ണൻ വൈര്യനിര്യാതന ബുദ്ധിയോടെ പെരുമാറുന്നു. ഫണ്ട് ശേഖരണത്തിനുള്ള ചില റസീപ്റ്റ് ബുക്കുകൾ പാർട്ടി ഓഫിസിൽനിന്ന് നഷ്ടപ്പെട്ടു. ഓഡിറ്റർമാർ അക്കാര്യം വിശദമായി പരിശോധിച്ചു. ഓഫിസ് സെക്രട്ടറിയുടെ ഭാഗത്താണ് വീഴ്ച വന്നത്. അദ്ദേഹത്തെ സസ്പെൻഡ് ചെയ്തുകുഞ്ഞിക്കൃഷ്ണൻ ആരോപിക്കുന്നതുപോലെ പണം നഷ്ടപ്പെട്ടിട്ടില്ല. ധനരാജ് ഫണ്ട് കൈകാര്യം ചെയ്തത് മധുസൂദനനല്ല. ധനാപഹരണം നടന്നതായി പാർട്ടി കണ്ടെത്തിയിട്ടില്ല. എന്നാൽ, വരവു ചെലവ് കണക്ക് സമയബന്ധിതമായി നൽകാത്തത് വീഴ്ചയാണ്. കണക്കു സമർപ്പിക്കാൻ 4 വർഷത്തെ കാലതാമസമുണ്ടായി. 2022ൽ ബന്ധപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ധനാപഹരണ നടന്നതിനല്ല, പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിനായിരുന്നു നടപടിയെന്നും കെ.കെ.രാഗേഷ് പറഞ്ഞു. കുഞ്ഞിക്കൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനെതിരെ ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. കുഞ്ഞിക്കൃഷ്ണനു താരപരിവേഷം വന്നത് ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിലാണ്. പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ച് പ്രധാന കമ്മിറ്റികളിൽനിന്ന് നേരത്തെ ഒഴിവാക്കിയതാണ്. പിന്നീട് സമവായം എന്ന നിലയിൽ കുഞ്ഞിക്കൃഷ്ണനെ ജില്ലാ കമ്മിറ്റി അംഗമാക്കി. ഇതു തിരിച്ചടിയായെന്നും വിമർശനം ഉയർന്നു.
‘പാർട്ടി പിരിച്ച പണത്തിന്റെ കണക്ക് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. പാർട്ടി കണക്ക് പാർട്ടിക്കുള്ളിൽ പറയും. പാർട്ടി കമ്മിറ്റി രക്തസാക്ഷി ഫണ്ട് അംഗീകരിച്ചതാണ്. ജനങ്ങൾക്ക് മുന്നിൽ വസ്തുത അവതരിപ്പിക്കും’–രക്തസാക്ഷി ഫണ്ടിലെ ആരോപണങ്ങളെ സംബന്ധിച്ച് കെ.കെ.രാഗേഷിന്റെ മറുപടി ഇങ്ങനെ
