രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം ഇന്ന് തടസ്സപ്പെടാൻ സാധ്യത. ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍ അനുവദിക്കണമെന്ന പ്രധാന ആവശ്യവുമായി ഒൻപത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തു.
ചീഫ് ലേബർ കമ്മിഷണറുമായി ജനുവരി 23-ന് നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ യൂണിയനുകള്‍ തീരുമാനിച്ചത്. ചർച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പ് നല്‍കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്കെന്ന് യൂണിയൻ പ്രതിനിധികള്‍ വ്യക്തമാക്കി.
തങ്ങളുടെ ന്യായമായ ആവശ്യങ്ങളോട് സർക്കാർ പുലർത്തുന്ന നിഷേധാത്മക നിലപാട് നിർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു. നിലവില്‍ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ മാത്രമാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. എല്ലാ ശനിയാഴ്ചകളും അവധിയാക്കി ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍ നിശ്ചയിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
ഇതിന് പകരമായി ബാക്കി അഞ്ച് ദിവസങ്ങളില്‍ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തയ്യാറാണെന്നും ജീവനക്കാർ അറിയിച്ചിട്ടുണ്ട്. പണിമുടക്ക് ബാധകമായ പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച മുൻകൂർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
