ലോകം നിലവിലെ ഫോസിൽ ഇന്ധന ഉപയോഗം തുടരുകയാണെങ്കിൽ ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഭൂമിയിലെ ജനസംഖ്യയുടെ പകുതിയോളം പേർ അത്യന്തം അപകടകരമായ ചൂട് അനുഭവിക്കേണ്ടി വരുമെന്ന് ഓക്സ്ഫഡ് സർവകലാശാലയുടെ പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു. Nature Sustainability ജേർണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, കടുത്ത ചൂട് നേരിടുന്ന ജനങ്ങളുടെ പങ്ക് 2010ലെ 23 ശതമാനത്തിൽ നിന്ന് 2050ഓടെ 41 ശതമാനമായി ഉയരും. ഇതോടെ ഏകദേശം 3.79 ബില്യൺ ആളുകൾ ഗുരുതര ചൂടിന്റെ ഭീഷണിയിലാകും.
വ്യവസായവൽക്കരണത്തിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ആഗോള താപനില 2 ഡിഗ്രി സെൽഷ്യസ് ഉയരുന്ന സാഹചര്യമാണു പഠനം കണക്കാക്കുന്നത്. നിലവിലെ എണ്ണ, കൽക്കരി, വാതക ഉപഭോഗ നിരക്കുകൾ തുടർന്നാൽ അടുത്ത 25 വർഷത്തിനകം ഈ പരിധി കൈവരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ഇന്ത്യ, നൈജീരിയ, ഇൻഡോണേഷ്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ജനങ്ങൾ അത്യധിക ചൂട് അനുഭവിക്കേണ്ടിവരികയെന്ന് പഠനത്തിന്റെ മുഖ്യകർത്താവായ ഡോ. ജീസസ് ലിസാന വ്യക്തമാക്കി. ഈ പ്രദേശങ്ങളിൽ ‘കൂളിംഗ് ഡിഗ്രി ഡേയ്സ്’ (CDD) എന്ന ചൂട് അളവ് കുത്തനെ ഉയരുമെന്നും, അതിനനുസരിച്ച് ശീതീകരണ ആവശ്യങ്ങളും ഊർജ ഉപഭോഗവും വർധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
