കൊച്ചി: എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ മഹാ അന്നദാനം ഉദ്ഘാടനം ചെയ്ത് നടൻ മമ്മൂട്ടി. മുണ്ടുടുത്ത് വെള്ള ഷർട്ടുമണിഞ്ഞാണ് മമ്മൂട്ടിയെത്തിയത്. ക്ഷേത്രം ഭാരവാഹികളും മറ്റു പ്രമുഖരും ചേർന്ന് താരത്തെ സ്വീകരിച്ചു.
അന്നദാന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചതിൽ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് റിപബ്ലിക് ദിനത്തോടനുബന്ധിച്ച് മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാ ലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ പത്മഭൂഷൺ പ്രഖ്യാപിച്ചത്. ‘മാതൃരാജ്യത്തിനു നന്ദി…’ എന്നാണ് ഇതേക്കുറിച്ച് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. 1998ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചിരുന്നു.
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങുന്നതിന് തൊട്ടുമുമ്പാണ് പത്മഭൂഷൻ ലഭിച്ച വിവരം അറിഞ്ഞത്. 2025ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മാനിച്ചത്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെന്ന കഥാപാത്രത്തിലേക്കുള്ള പകർന്നാട്ടത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം നേടിയത്.
