സംസ്ഥാനത്തെ നിരത്തുകളിൽ ചീറിപ്പായുന്ന ഓട്ടോറിക്ഷകൾ ഗ്രീൻ ആകും. പരിസ്ഥിതി സൗഹൃദ ഓട്ടോകളിലേക്കുള്ള മാറ്റത്തിന് രണ്ടു പദ്ധതികളാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനോടൊപ്പം തന്നെ ഓട്ടോ സ്റ്റാൻഡുകൾ ആധുനികവൽക്കരിക്കാനും പദ്ധതിയുണ്ട്. പരിസ്ഥിതി സൗഹാർദമായ ഇന്ധനങ്ങളിൽ ഓടുന്ന ഓട്ടോറിക്ഷയിലേക്കുള്ള മാറ്റത്തിനാണ് ഇതിൽ പ്രഥമ പിന്തുണ. പുതിയതിലേക്ക് മാറാനും പഴയത് മാറ്റാനുമായി രണ്ടു തലത്തിലുള്ള സഹായം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പെട്രോൾ-ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നവർക്ക് 40000 രൂപയുടെ ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് നൽകും. ഇതിനൊപ്പം പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി പൊതുമേഖല ബാങ്കുകളിൽ നിന്ന് എടുത്തിട്ടുള്ള വായ്പകൾക്ക് രണ്ട് ശതമാനം പലിശ ഇളവ് നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
