കേന്ദ്രസർക്കാരിന്റെ വിവാദമായ ലേബർ കോഡുകള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം.ലേബർ കോഡുകള്‍ക്ക് പുറമെ വിബി ജി രാം ജി നിയമം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2020-ല്‍ ലേബർ കോഡുകള്‍ പാർലമെന്റില്‍ പാസാക്കിയെങ്കിലും, തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഇതുവരെ ഇവ നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, ബിജെപി സർക്കാരുകള്‍ പോലും മടിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കർണാടക സർക്കാർ ഈ കോഡുകള്‍ നടപ്പിലാക്കാൻ ഒരുങ്ങുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എളമരം കരീം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ലേബർ കോഡുകളേക്കാള്‍ തീവ്രമായ തൊഴിലാളി വിരുദ്ധ നയങ്ങളാണ് കർണാടക സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിഐടിയു നേതൃത്വത്തില്‍ രാജ്യത്തെ 3000 കേന്ദ്രങ്ങളില്‍ ഫെബ്രുവരി 12ന് സമരം സംഘടിപ്പിക്കും. ലക്ഷക്കണക്കിന് തൊഴിലാളികള്‍ തെരുവിലിറങ്ങും. ഐഎൻടിയുസി (INTUC) ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചേർന്ന് സംയുക്തമായാണ് പൊതു പണിമുടക്കിലേക്ക് നീങ്ങുന്നത്. ഐഎൻടിയുസി ഉള്‍പ്പെടെ സമരരംഗത്തുള്ളപ്പോള്‍ കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ സ്വീകരിക്കുന്ന ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് എളമരം കരീം പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടക സർക്കാർ ഈ തൊഴിലാളി വിരുദ്ധ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം
