കൊലപാതകത്തിൽ കുറ്റബോധമില്ലാതെ വൈശാഖൻ; വീട്ടിലെ തെളിവെടുപ്പിനിടെ ആവശ്യപ്പെട്ടത് പുത്തൻ വസ്ത്രവും പണവും

news image
Jan 31, 2026, 4:56 am GMT+0000 payyolionline.in

കക്കോടി: പാലത്ത് സ്വദേശിനിയായ 26കാരിയെ കൊലപ്പെടുത്തിയ തടമ്പാട്ടുതാഴം സ്വദേശി വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു. ഹീനകൃത്യം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം കുറ്റബോധമില്ലാതെയും പലപ്പോഴും ചിരിച്ചുമാണ് പ്രതി മറുപടി നൽകിയത്. വെള്ളിയാഴ്ച വൈകീട്ട് നാലേ കാലോടെയാണ് തടമ്പാട്ടുതാഴത്തെ അടച്ചിട്ട വീട്ടിൽ വൈശാഖനുമായി പൊലീസ് എത്തിയത്.

വീട്ടിൽ എത്തിയ ഉടൻ ആവശ്യപ്പെട്ടത് തനിക്ക് മാറ്റാനുള്ള വസ്ത്രങ്ങളും ആവശ്യത്തിനുള്ള പണവും എടുക്കണമെന്നാണ്. വീട്ടിൽ വളർത്തുന്ന വിലകൂടിയ രണ്ടിനം നായകളെക്കുറിച്ചും സംസാരിച്ചു. പ്രായപൂർത്തിയാകുന്നതിന് മുമ്പുതന്നെ വൈശാഖൻ യുവതിയെ പീഡിപ്പിച്ചിരുന്നതിനാൽ പൊലീസ് പോക്സോ കേസും ചുമത്തിയിട്ടുണ്ട്. താൻ ഇതിന്റെ വിഡിയോ പകർത്തിയിട്ടുണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട് തുറക്കുന്നതിന് മുമ്പ് അയൽവാസികളുടെയും വൈശാഖന്റെ സഹോദരിയുടെയും സാന്നിധ്യം പൊലീസ് ഉറപ്പുവരുത്തിയിരുന്നു. വീട്ടിലെ പരിശോധനക്കിടയിൽ എയർഗണ്ണും പൊലീസ് കണ്ടെടുത്തു. കൊലപ്പെടുത്തിയ യുവതിയെ പലതവണ വീട്ടിൽവെച്ചും പീഡിപ്പിച്ചതായി മൊഴി നൽകി. തെളിവെടുപ്പിനുശേഷം വൈശാഖനെ വീട്ടിൽനിന്ന് ഇറക്കി ജീപ്പിൽ കയറ്റി വാഹനം റോഡരികിൽ നിർത്തിയശേഷം പൊലീസ് ഭാര്യയെയും വീട്ടിൽ എത്തിച്ചിരുന്നു. വൈശാഖനെ നേരിൽ കാണാൻപോലും അവർ കൂട്ടാക്കിയില്ല.

ആത്മഹത്യയെന്ന് ആദ്യം കരുതിയ കേസിൽ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച പ്രതിയുമായി അന്വേഷണസംഘം വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ യുവതിയെ കൊലപ്പെടുത്തിയ മോരിക്കരയിലെ ഐഡിയൽ ഇൻഡസ്ട്രി, ജ്യൂസ് വാങ്ങിയ മാളിക്കടവിലെ ബേക്കറി, ഉറക്കഗുളിക വാങ്ങിയ കരിക്കാംകുളത്തെ മെഡിക്കൽഷോപ്പ്, വൈകീട്ട് നാലുമണിയോടെ തടമ്പാട്ട്താഴത്തുള്ള വൈശാഖന്റെ വീട് എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തി.

എലത്തൂർ ഇൻസ്പക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വി.ടി. ഹരീഷ്‌കുമാർ, ബിജു, പ്രജുകുമാർ, എ.എസ്.ഐ ബിജു, എസ്.സി.പി.ഒമാരായ പ്രശാന്ത്, രൂപേഷ്, നിഗിലേഷ്, വൈശാഖ്, മധുസൂദനൻ, പി.കെ. സ്‌നേഹ, ലജിഷ എന്നിവരാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe