കേരളം വലിയ പ്രതീക്ഷയിൽ, അതിവേഗ റെയിൽ പ്രഖ്യാപിക്കുമോ?

news image
Feb 1, 2026, 5:31 am GMT+0000 payyolionline.in

ദില്ലി: രാജ്യമാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ ബജറ്റാകും അവതരിപ്പിക്കുക. തുടര്‍ച്ചയായി ഒമ്പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോര്‍ഡ് നിര്‍മ്മല സീതാരാമന് സ്വന്തമാകുകയാണ്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടാകാനാണ് സാധ്യത. 12 ലക്ഷം വരെ വരുമാനം ഉള്ളവരെ ആദായ നികുതിയിൽ നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്നു.ഈ സാഹചര്യത്തിൽ ആദായനികുതിയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. പുതിയ നികുതി സ്കീമിലേക്ക് കൂടുതൽ പേരെ അകർഷിക്കാൻ ചെറിയ ഇളവുകൾ ഉണ്ടായേക്കും. ശമ്പളക്കാർക്കുള്ള സ്റ്റാൻഡേഡ് ഡിഡക്ഷൻ ഒരു ലക്ഷം ആക്കാൻ ധനമന്ത്രി തയ്യാറായേക്കും. ഭവന വായ്പ പലിശ ഇളവ് പുതിയ സ്കീമിലും നൽകണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഒന്‍പതാമത്തെ ബജറ്റ് അവതരണത്തിന് മുന്‍കാലങ്ങളേക്കാള്‍ ധനമന്ത്രി കൂടുതല്‍ സമയമെടുത്തേക്കാം. പുതിയ സാമ്പത്തിക കാഴ്ചപ്പാടിനും അടിസ്ഥാന സൗകര്യത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാകും ബജറ്റെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്കേരളം വലിയ പ്രതീക്ഷയിൽ

കേന്ദ്ര ബജറ്റ് നാളെ രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുമ്പോൾ കേരളത്തിനും വലിയ പ്രതീക്ഷകളാണ്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നിർദ്ദേശങ്ങൾ നി‍ർമലയുടെ പെട്ടിയിൽ ഉണ്ടാകാനാണ് സാധ്യത. കേരളത്തെ സംബന്ധിച്ചടുത്തോളം അതിവേഗ റെയിൽ പാതയും എയിംസും വയനാട് പുനരധിവാസ ഫണ്ടുമൊക്കെയാണ് വലിയ പ്രതീക്ഷയായിട്ടുള്ളത്. നാളെ ധനമന്ത്രി ബജറ്റിൽ കേരളത്തിന് അതിവേ​ഗ റെയിൽപാത പ്രഖ്യാപിച്ചാൽ അതൊരു വലിയ സ്വപ്ന സാക്ഷാത്കാരമാകും. കെ റെയിലിന് മഞ്ഞക്കുറ്റിയിട്ട സർക്കാരിനെ സംബന്ധിച്ചടുത്തോളം അതിവേഗ പാത വലിയ ആശ്വാസമാകും. എയിംസ് ഇത്തവണയെങ്കിലും കേരളത്തിന് കിട്ടുമോ? എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. വയനാട് പുനരധിവാസത്തിനായി വലിയൊരു തുക കേന്ദ്രം പ്രഖ്യപിച്ചാൽ അതും കേരളത്തിന് വലിയ ആശ്വാസമാകും. കേരളത്തിന്‍റെ സ്വപ്ന സാക്ഷാത്കാരമായ വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോ എന്നതും കണ്ടറിയണം. ശബരി പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള പണവും നിർമല പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിന് മുന്നെ കേരളത്തിന് അത് വലിയൊരു നേട്ടമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe