പൊലീസിനെ കണ്ട് ഭയന്ന് മുഴുവൻ വിഴുങ്ങി, ആശുപത്രിയിലെത്തിച്ച് വയറുകഴുകി; കിട്ടിയത് 11 ഗ്രാമിലേറെ എംഡിഎംഎ

news image
Feb 2, 2026, 11:48 am GMT+0000 payyolionline.in

കൊല്ലം: പോലീസിനെ ഭയന്ന്, കയ്യിലുണ്ടായിരുന്ന എംഡിഎംഎ യുവാവ് വിഴുങ്ങി. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ചു. കുലശേഖരപുരം ആദിനാട് വടക്ക് മദീന മൻസലിൽ സക്കീറാണ് (32) എംഡിഎംഎ പാക്കറ്റോടെ വിഴുങ്ങിയത്. ആശുപത്രിയിൽ വച്ച് വയറുകഴുകിയാണ് 11.260 ഗ്രാം എംഡിഎംഎ പുറത്തെടുത്തത്. ഇതോടെ യുവാവിനെതിരെ പൊലീസ് കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.ബെംഗളൂരുവിൽ നിന്നാണ് പ്രതി കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്നത്. കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി വിൽക്കുകയായിരുന്നു പതിവ്. കഴിഞ്ഞ ദിവസം രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടാൻ പൊലീസെത്തിയത്. എന്നാൽ കരുനാഗപള്ളിക്കടുത്ത് വച്ച് പൊലീസിനെ കണ്ട് പ്രതി പാക്കറ്റോടെ എംഡിഎംഎ വിഴുങ്ങുകയായിരുന്നു. ഇത് വ്യക്തമായതോടെ പൊലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചു. വിദഗ്ധ പരിശോധനയ്ക്കായി പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എസ് ഐ മാരായ കണ്ണൻ, രഞ്ജു, സായിസേനൻ, എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘവും കരുനാഗപ്പള്ളി ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ആഷിക് ജയേഷ് സിപിഒമാരായ രഞ്ജിത്ത്, ശ്രീനാഥ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe