കോഴിക്കോട് : കൊടിയത്തൂരിലെ വാഹനപകടത്തിൽ നിന്ന് അദ്ഭുതകരമായി കുട്ടി രക്ഷപ്പെട്ട സംഭവത്തിൽ ബസ് ഡ്രൈവറെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. ബസ് ഡ്രൈവർ സിനോജിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് അപകടം ഒഴിവായതെന്ന് കോഴിക്കോട് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വിനു ജോസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച മൂന്ന് വയസ്സുകാരി അത്ഭുതകരമായി രക്ഷപെട്ടതിന്റെ സന്തോഷത്തിലും നടുക്കത്തിലുമാണ് കൊടിയത്തൂര്‍ നിവാസികൾ.
പിതാവിനോടൊപ്പം ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയതിന് ശേഷം റോഡിന്റെ മറുഭാഗത്തുള്ള ബന്ധുക്കളുടെ അടുത്തേക്ക് ഓടുകയായിരുന്നു കുട്ടി. ഈ സമയത്താണ് കോഴിക്കോട് കൊടിയത്തൂർ റൂട്ടിൽ ഓടുന്ന ഒരു സ്വകാര്യ ബസ്സ് ഇതുവഴി അതിവേഗത്തിൽ വരികയായിരുന്നു. ഡ്രൈവർ സിനോജിന്റെ തക്കസമയത്തുള്ള ഇടപെടലാണ് വലിയൊരു ദുരന്തത്തിൽ നിന്ന് കുട്ടിയെ രക്ഷിച്ചത്. ഈ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ ഡ്രൈവർ സിനോജിനെ കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻ്റ് പരിസരത്ത് വച്ച് ആദരിച്ചത്. സിനോജിനെ അഭിനന്ദിക്കുന്നതായും വിലമതിക്കാനാവാത്ത പ്രവർത്തനമാണ് സിനോജിൽ നിന്ന് ഉണ്ടായതെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനു ജോസ് പറഞ്ഞു.
ചെറിയ കുട്ടികളുമായി റോഡിൽ ഇറങ്ങുമ്പോൾ രക്ഷിതാക്കൾ അതീവ ശ്രദ്ധ പുലർത്തണമെന്നും തൻ്റെ പ്രവർത്തി വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ബസ് ഡ്രൈവർ സിനോജ് പറഞ്ഞു. കുട്ടിയെ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് മാതാപിതാക്കൾ.
