ന്യൂഡൽഹി: സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി വാട്സ്ആപ്പ് അധിഷ്ഠിത ഭരണസംവിധാനത്തിന് തുടക്കമിടാനൊരുങ്ങി ഡൽഹി സർക്കാർ. അടുത്ത മാസം മുതൽ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ജനന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് തുടങ്ങി വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ഏകദേശം 50 ഓളം സേവനങ്ങളാണ് ആദ്യഘട്ടത്തിൽ വാട്സ്ആപ്പ് പ്ലാറ്റ്‌ഫോമിൽ ലഭ്യമാവുക. സർക്കാർ ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ ഔദ്യോഗിക രേഖകൾക്ക് അപേക്ഷിക്കാനും അവ കൈപ്പറ്റാനും ഇതിലൂടെ സാധിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ചാറ്റ്ബോട്ടുകൾ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. വാട്സ്ആപ്പിലൂടെ തന്നെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയുടെ നിലവിലെ സ്ഥിതി (Status) തത്സമയം അറിയാൻ സാധിക്കും. കൂടാതെ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി തന്നെ വാട്സ്ആപ്പിലൂടെ ലഭ്യമാക്കും. ഏത് സമയത്തും ഈ സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്താം.
ഡൽഹി സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ഡിപ്പാർട്ട്‌മെന്റാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഒരു കേന്ദ്രീകൃത ഡാഷ്‌ബോർഡും (Centralised Dashboard) സജ്ജമാക്കും. ഇതുവഴി അപേക്ഷകളിലുള്ള താമസം ഒഴിവാക്കാനും ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്താനും സാധിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നിലവിൽ പദ്ധതിയുടെ അവസാനഘട്ട ഒരുക്കങ്ങൾ നടക്കുകയാണെന്നും ട്രയൽ റൺ വിജയിക്കുന്നതോടെ ഡൽഹിയിലെ മുഴുവൻ താമസക്കാർക്കുമായി ഈ സേവനം തുറന്നുനൽകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ ഗവേണൻസ് രംഗത്ത് വലിയൊരു മാറ്റത്തിന് ഈ പുതിയ നീക്കം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
