മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സമരം; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

news image
Feb 19, 2026, 3:00 pm GMT+0000 payyolionline.in

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. സമരം ചെയ്യുന്ന ഡോക്ടർമാരുടെ പട്ടിക ഇന്ന് തന്നെ കൈമാറാനും ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി നിർദ്ദേശം നൽകി. ഡോക്‌ടർമാർ സമരം ശക്തമാക്കിയതോടെയാണ് സർക്കാർ നടപടി. അനിശ്ചിതകാല ഓ.പി ബഹിഷ്കരണ സമരത്തിനൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവച്ചുള്ള സമരവും ഇന്ന് തുടങ്ങി. ഇതോടെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകൾ മാറ്റിവച്ചു.

അടിയന്തര ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, പോസ്റ്റ്മോർട്ടം എന്നിവയെ ഒഴിവാക്കിയാണ് സമരം. ശമ്പളകുടിശ്ശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇന്ന് കെജിഎംസിടിഎ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണയും സംഘടിപ്പിച്ചു. സർക്കാർ നിലപാട് കടുപ്പിക്കുമ്പോഴും ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന കടുത്ത നിലപാടിലാണ് സംഘടന. ഒപി ബഹിഷ്കരണ സമരം ഇന്ന് നാലാം ദിനമാണ്. സീനിയർ ഡോക്ട‌ർമാർക്ക് പിന്തുണയുമായി പിജി വിദ്യാർഥികളും നാളെ പണിമുടക്കും. ഇതോടെ ഒപി സേവനങ്ങൾ പൂർണമായും തടസ്സപ്പെടും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe