പേരാവൂർ പിടിക്കാൻ ശൈലജ; മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം

news image
Mar 3, 2026, 10:50 am GMT+0000 payyolionline.in

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽനിന്ന് സിപിഐഎം സ്ഥാനാർത്ഥിയായി മുൻ മന്ത്രി കെ കെ ശൈലജ മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ മണ്ഡലമായ മട്ടന്നൂരിന് പകരമാണ് ശൈലജയെ പേരാവൂരിൽ മത്സരിപ്പിക്കുന്നത്. ഇവിടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മത്സരിക്കും.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കഴിഞ്ഞ മൂന്ന് തവണയും വിജയിച്ച മണ്ഡലമാണ് പേരാവൂർ. യുഡിഎഫിന്റെ കോട്ടയായ മണ്ഡലം, ജനകീയയായ ശൈലജയെ ഇറക്കി തിരിച്ചുപിടിക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം. 2006ൽ പേരാവൂരിൽനിന്നും മത്സരിച്ച് ജയിച്ച ശൈലജ, 2011ൽ സണ്ണി ജോസഫിനോട് തോറ്റിരുന്നു. ഇത്തവണയും പേരാവൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് ആയിരിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ കടുത്ത മത്സരത്തിനായിരിക്കും പേരാവൂർ സാക്ഷ്യംവഹിക്കുക.

അതേസമയം തളിപ്പറമ്പ് മണ്ഡലത്തിൽ ആന്തൂർ നഗരസഭ മുൻ അധ്യക്ഷയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയുമായ പി കെ ശ്യാമള മത്സരിക്കും. എം വി ഗോവിന്ദനാണ് നിലവിൽ തളിപ്പറമ്പ് എംഎൽഎ. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്നതിനാൽ അദ്ദേഹം മത്സരത്തിനുണ്ടാകില്ല. അതേസമയം പയ്യന്നൂരിൽ സിറ്റിംഗ് എംഎൽഎ ടി ഐ മധുസൂദനൻ മത്സരിക്കും.

പേരാവൂരിൽ ഇടതുപക്ഷം ജയിക്കുമെന്ന് കെ കെ ശൈലജ പറഞ്ഞു. കുറേക്കാലമായി സണ്ണി ജോസഫ് ആണ് എംഎൽഎ. ഇടതുപക്ഷത്തിന് ജയിക്കാൻ കഴിയുന്ന മണ്ഡലമാണ് പേരാവൂർ. സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് തീരുമാനിക്കേണ്ടത്. പാർട്ടി ഞായറാഴ്ച സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും ശൈലജ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe