കോഴിക്കോട് : നടക്കാവ് പണിക്കർറോഡിൽ റെയിൽവേഗേറ്റിനുപകരം അടിപ്പാതവരുമ്പോഴുണ്ടാകുന്ന വഴിപ്രശ്നത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ. ആറാംഗേറ്റ് നോർത്ത് റെയിലോര റോഡ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള റെയിലോര സത്യാഗ്രഹം സാഹിത്യകാരൻ യു.കെ. കുമാരൻ ഉദ്ഘാടനംചെയ്തു. കമ്മിറ്റി ചെയർമാൻ അധ്യക്ഷനായി. കെ.പി.സി.സി. ജില്ലാ ജനറൽ സെക്രട്ടറി കെ. ജയന്ത്, കൗൺസിലർ സഫറി തുടങ്ങിയവർ സംസാരിച്ചു.
ആറാംഗേറ്റ് എന്ന പണിക്കർ റോഡ് റെയിൽവേക്രോസിൽ പഴയരീതിയിലുള്ള ഗേറ്റ് സംവിധാനമാണ് ഇപ്പോഴുമുള്ളത്. ഇതുമാറ്റി അടിപ്പാതനിർമാണം പൂർത്തീകരിക്കുന്നതോടുകൂടി ആറാംഗേറ്റിന് വടക്കുഭാഗത്ത് താമസിക്കുന്ന 400-ഓളം കുടുംബത്തിന് വഴിയില്ലാതാകും. റോഡിനിരുവശത്തും അടച്ചുകൊണ്ടാണ് പണിനടത്തുക. ഇതിനാൽ പുതിയ വഴിയൊരുക്കുകയോ റെയിലോരറോഡ് പൂർത്തീകരിക്കുകയോ വേണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം.
