ചേമഞ്ചേരി: ദേശീയപാതയിൽ കാട്ടിലെപ്പീടികയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 12.30-ഓടെയായിരുന്നു സംഭവം. അപകടത്തിൽ ഇരു ബസുകളിലെയും ഡ്രൈവർമാർ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക ആർ.ടി.സി ബസുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ മതിലിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
