കസ്റ്റംസ് ഓഫീസറെന്ന് വിശ്വസിപ്പിച്ച് യുവാവിൽനിന്ന്‌ ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

news image
Mar 15, 2026, 9:09 am GMT+0000 payyolionline.in

കഴക്കൂട്ടം: കസ്റ്റംസ് ഓഫീസറെന്ന് വിശ്വസിപ്പിച്ച് സ്വർണം ലേലം കുറഞ്ഞ വിലയ്ക്ക് പിടിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി യുവാവിൽനിന്നു പതിമൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവതി പോലീസ് പിടിയിൽ. തോന്നയ്ക്കൽ സൗപർണിക ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ദീപകുമാരിയെയാണ്‌ (41) കോന്നിയിൽനിന്നും കഴക്കൂട്ടം പോലീസ് പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.
ഓഫീസിൽ പിടിച്ചെടുക്കുന്ന സ്വർണം ലേലത്തിൽ പിടിച്ച് 25 പവൻ സ്വർണം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച കഴക്കൂട്ടം വടക്കുംഭാഗം സ്വദേശിയിൽനിന്ന് 2025 സെപ്റ്റംബറിൽ മൂന്ന് തവണകളായാണ് 13.50 ലക്ഷം രൂപ ഇവർ കൈക്കലാക്കിയത്. പണം വാങ്ങിയശേഷം യുവതി മുങ്ങുകയായിരുന്നു. കഴക്കൂട്ടം പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. സമാനമായ രീതിയിൽ പല സാമ്പത്തികത്തട്ടിപ്പുകളും ഇവർ നടത്തിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe